'ഈശോ എന്ന പേരു മാറ്റാൻ നാദിർഷ തയാറാണ്, ശ്രീരാമ ഭക്തർക്കുവേണ്ടി രാക്ഷസരാജാവിന്റെ പേര് ഞാനും മാറ്റിയിരുന്നു'; വിനയൻ

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേയെന്ന് നാദിർഷയെ ഫോൺ വിളിച്ച് താൻ‌ ചോദിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്
നാദിർഷ, ഈശോ പോസ്റ്റർ, വിനയൻ/ ഫേയ്സ്ബുക്ക്
നാദിർഷ, ഈശോ പോസ്റ്റർ, വിനയൻ/ ഫേയ്സ്ബുക്ക്

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. ഈശോ എന്ന പേര് മതവികാരം വ്രണപ്പെടുത്തും എന്നാരോപിച്ച് ഒരു വിഭാ​ഗം ക്രിസ്ത്യൻ മതവിശ്വാസികളാണ് രം​ഗത്തെത്തിയത്. ചിത്രത്തിന്റെ പേര് മാറ്റില്ല എന്നാണ് ആദ്യം നാദിർഷ പറഞ്ഞത്. എന്നാൽ ഈശോ എന്ന പേരു മാറ്റാൻ നാദിർഷ തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേയെന്ന് നാദിർഷയെ ഫോൺ വിളിച്ച് താൻ‌ ചോദിക്കുകയായിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. പേരു മാറ്റുമെന്ന് തനിക്ക് ഉറപ്പുതന്നതായും വിനയൻ പറയുന്നു. മമ്മൂട്ടി നായകനാക്കി താൻ സംവിധാനം ചെയ്ത ചിത്രം രാക്ഷസരാജാവിന്റെ പേരു മാറ്റിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. 

വിനയന്റെ കുറിപ്പ് വായിക്കാം

വിവാദങ്ങൾ ഒഴിവാക്കുക. നാദിർഷ, ‘ഈശോ’ എന്ന പേരു മാറ്റാൻ തയാറാണ് .‘ഈശോ’ എന്ന പേര് പുതിയ സിനിമയ്ക്ക് ഇട്ടപ്പോൾ അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ നാദിർഷയ്ക്ക് ആ പേര് മാറ്റാൻ കഴിയില്ലേ?. ഇന്നു രാവിലെ ശ്രീ നാദിർഷയോട് ഫോൺ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു.... ആ ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ ഷെയർ ചെയ്തതിനു ശേഷം എനിക്കു വന്ന മെസേജുകളുടെയും ഫോൺ കോളുകളുടെയും ഉള്ളടക്കം നാദിർഷയുമായി ഞാൻ പങ്കുവച്ചു.. 

2001-ൽ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാൻ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച രാക്ഷസരാജാവ് എന്ന ചിത്രത്തിന്റെ പേര് രാക്ഷസരാമൻ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോൾ ശ്രീരാമനേപ്പോലെ നൻമയുള്ളവനായ രാമനാഥൻ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമൻ എന്ന പേരു ഞാൻ ഇട്ടത്.. പക്ഷേ പ്രത്യക്ഷത്തിൽ രാക്ഷസരാമൻ എന്നു കേൾക്കുമ്പോൾ ശ്രീരാമ ഭക്തർക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാൻ ഞങ്ങൾ തയ്യാറായത്...

സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവൻ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കൈയ്യടി നേടേണ്ട  കാര്യം സിനിമക്കാർക്കുണ്ടന്നു ഞാൻ കരുതുന്നില്ല... അല്ലാതെ തന്നെ ധാരാളം വിഷയങ്ങൾ അധസ്ഥിതന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റേതുമായി വേണമെങ്കിൽ പറയാൻ ഉണ്ടല്ലോ?... ഇതിലൊന്നും സ്പർശിക്കാതെ തന്നെയും സിനിമാക്കഥകൾ രസകരമാക്കാം

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കിൽ അതു മാറ്റിക്കുടേ നാദിർഷ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരൻ നാദിർഷയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്നങ്ങൾ എല്ലാം ഇവിടെ തീരട്ടെ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com