പാട്ടിന്റെ രാജഹംസം; ഓർമയിൽ ജോൺസൺ മാസ്റ്റർ

കാമുകിയോടു പ്രണയം പറയുന്ന അനുരാഗിണിയും ജീവിതം ഇല്ലാതായിപ്പോകുന്നതിന്റെ വേദന നിറച്ച കണ്ണീര്‍ പൂവും ഇന്നും മലയാളികള്‍ക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ ആഴം നമുക്ക് നൊമ്പരമാകുന്നത്
പാട്ടിന്റെ രാജഹംസം; ഓർമയിൽ ജോൺസൺ മാസ്റ്റർ

ലയാളികളുടെ മനസില്‍ സംഗീതത്തിന്റെ മധുരം നിറച്ച താരകം. ജോണ്‍സണ്‍ മാസ്റ്റര്‍ എന്ന മെലഡി മാന്ത്രികന്റെ വിയോഗത്തിന് ഒരു പതിറ്റാണ്ട്. കാമുകിയോടു പ്രണയം പറയുന്ന അനുരാഗിണിയും ജീവിതം ഇല്ലാതായിപ്പോകുന്നതിന്റെ വേദന നിറച്ച കണ്ണീര്‍ പൂവും ഇന്നും മലയാളികള്‍ക്കുള്ളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ആ നഷ്ടത്തിന്റെ ആഴം നമുക്ക് നൊമ്പരമാകുന്നത്.

മലയാളിയുടെ എണ്‍പതുകളും തൊണ്ണൂറുകളും സംഗീതം കൊണ്ട് വസന്തകാലം തീര്‍ത്തവരില്‍ പ്രധാനിയാണ് ജോണ്‍സണ്‍ മാസ്റ്റര്‍. ഗൃഹാതുരത്വത്തിന്റെയും സ്വരമാധുരിയുടേയും പുതിയ ഭാവത്തിലൂടെ അദ്ദേഹം മെനഞ്ഞ സംഗീതലോകം ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. 

പള്ളിക്കു മുമ്പിലെ ഇരുമ്പു ഗെയിറ്റില്‍ താളം പിടിച്ചു പാടിയ പതിനൊന്നുകാരന്റെ കയ്യിലേക്ക് ഹാര്‍മോണിയവും ഓടക്കുഴലും വച്ചുകൊടുത്തത് വി സി ജോര്‍ജ് എന്ന അദ്യാപകനായിരുന്നു. ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോണ്‍സനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ചെന്നൈയിലേക്ക്. അതിനിടെയാണ് ദേവരാജന്‍ മാസ്റ്ററുടെ നിര്‍ദേശ പ്രകാരം ജോണ്‍സണ്‍ ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നത്. 

1978ല്‍ ഭരതന്റെ 'ആരവ'ത്തില്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു അരങ്ങേറ്റം. 1981ല്‍ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തിലെ 'വിപിനവാടിക കുയിലുതേടി' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം ചലച്ചിത്ര സംഗീത രംഗത്ത് തന്റെ കാല്‍പ്പാട് പതിപ്പിക്കുകയായിരുന്നു. 

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, ഞാന്‍ ഗന്ധര്‍വന്‍, കിരീടം തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതമൊരുക്കി. പത്മരാജന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജോണ്‍സണ്‍. 90കള്‍ക്കു ശേഷം സംഗീത രംഗത്തുനിന്ന് വിട്ടു നിന്ന അദ്ദേഹം മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. തുടര്‍ന്ന് ഗുല്‍മോഹര്‍, നാടകമേ ഉലകം എന്നീ ചിത്രങ്ങള്‍ ഒരുക്കി. 

300ല്‍ അധികം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. പശ്ചാത്തല സംഗീതം ഒരുക്കിയതിന് രണ്ട് പ്രാവശ്യം ദേശീയ പുരസ്‌കാരം നേടിയ ഏക മലയാളിയാണ് ജോണ്‍സണ്‍. കൂടാതെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. 

2011 ഓഗസ്റ്റ് 18 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറയുമ്പോള്‍ 58 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. ജോണ്‍സണ്‍ മരണത്തില്‍ മറഞ്ഞെങ്കിലും അദ്ദേഹം പറത്തിവിട്ട സംഗീതം പുതുതലമുറയെപ്പോലും വിസ്മയിപ്പിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com