'ഹൈപ്പ് കിട്ടാൻ സിനിമയുടെ ബജറ്റ് 18 കോടിയിൽ നിന്ന് 32 കോടിയാക്കി, ആവറേജ് ഹിറ്റായി ചുരുങ്ങി'; തുറന്നു പറഞ്ഞ് സെല്‍വരാഘവൻ

ആയിരത്തിൽ ഒരുവന്റെ ബജറ്റ് ഉയർത്തി കാട്ടിയിട്ടുണ്ട് എന്നാണ് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞത്
'ഹൈപ്പ് കിട്ടാൻ സിനിമയുടെ ബജറ്റ് 18 കോടിയിൽ നിന്ന് 32 കോടിയാക്കി, ആവറേജ് ഹിറ്റായി ചുരുങ്ങി'; തുറന്നു പറഞ്ഞ് സെല്‍വരാഘവൻ

താരങ്ങളും സംവിധായകരും മാത്രമല്ല, ഇപ്പോൾ ഒരു ചിത്രത്തിന് വാർത്താ പ്രാധാന്യം നൽകുന്നത് അതിന്റെ ബജറ്റും കളക്ഷനുമെല്ലാമാണ്. സിനിമ പ്രഖ്യാപനം നടക്കുമ്പോൾ തന്നെ ബി​ഗ് ബജറ്റ് ലേബൽ പല സിനിമകൾക്ക് പതിച്ചുകിട്ടും. പിന്നീട് സിനിമ റിലീസ് ചെയ്താൽ ചിത്രത്തിന് ലഭിക്കുന്ന കളക്ഷനാവും വാർത്തകളിൽ നിറയുക. ഹൈപ്പിനു വേണ്ടി പലരും സിനിമയുടെ ബജറ്റും കളക്ഷനുമെല്ലാം ഉയർത്തി കാണിക്കാറുണ്ടെന്ന് നേരത്തേയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ സിനിമ മേഖലയിൽ ചർച്ചയാവുന്നത് തമിഴ് സംവിധായകൻ സെല്‍വരാഘവന്റെ വെളിപ്പെടുത്തലാണ്. 

തന്റെ ചിത്രം ആയിരത്തിൽ ഒരുവന്റെ ബജറ്റ് ഉയർത്തി കാട്ടിയിട്ടുണ്ട് എന്നാണ് ട്വിറ്ററിലൂടെ തുറന്നു പറഞ്ഞത്. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിന് 18 കോടിയായിരുന്നു മുടക്കു മുതൽ. എന്നാൽ ബി​ഗ് ബജറ്റിന്റെ ഹൈപ്പ് കിട്ടുന്നതിനായി ചിത്രത്തിന്റെ ബജറ്റ് 32 കോടിയാണെന്നു പറഞ്ഞു. സിനിമ ലാഭമുണ്ടാക്കിയിട്ടും ആവറേജ് ഹിറ്റായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു. 

ആയിരത്തില്‍ ഒരുവന്റെ യഥാര്‍ത്ഥ ബജറ്റ് 18 കോടിയായിരുന്നു. പക്ഷേ മെഗാ ബജറ്റ് ചിത്രത്തിന്റെ ഹൈപ്പ് കിട്ടാന്‍ വേണ്ടി ബജറ്റ് 32 കോടിയായി പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രം യഥാര്‍ത്ഥ ബജറ്റിന്റെ അത്ര കളക്ഷന്‍ നേടിയെങ്കിലും ആവറേജ് ചിത്രമായാണ് കണക്കാക്കുന്നത്. എന്തൊക്കെയായാലും നുണ പറയരുത് എന്നു ഞാന്‍ പഠിച്ചു- ശെല്‍വരാഘവന്‍ പറഞ്ഞു.

റിലീസ് ചെയ്‍തപ്പോള്‍ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെങ്കിലും പില്‍ക്കാലത്ത് വലിയ പ്രേക്ഷകാംഗീകാരം ലഭിച്ച ചിത്രമായിരുന്നു 'ആയിരത്തില്‍ ഒരുവന്‍'. കാര്‍ത്തി, പാര്‍ഥിപന്‍, റീമ സെന്‍, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എന്തായാലും സംവിധായകന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വൻ ബജറ്റെന്നു പറഞ്ഞ് പുറത്തുവരുന്ന പല സിനിമകളുടെ പിന്നിലുള്ള സത്യം ഇതു തന്നെയായിരിക്കും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com