'ഈശോ' എന്ന പേരിന് അനുമതിയില്ല; സിനിമയുടെ രജിസ്ട്രേഷന്‍ അപേക്ഷ തള്ളി

ഒടിടി റിലീസില്‍ 'ഈശോ' എന്ന പേര് ഉപയോഗിക്കുന്നതിനും സാങ്കേതിക തടസ്സമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നാദിർഷയുടെ പുതിയ ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാനാവില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ്. സാങ്കേതികമായ കാരണങ്ങൾ നിരത്തിയാണ് സിനിമയുടെ രജിസ്ട്രേഷന്‍ അപേക്ഷ തള്ളിയത്. 'ഈശോ' എന്ന് പേര് ചിത്രത്തിന് നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ നടപടി. 

ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ ഫിലിം ചേംബര്‍ അംഗത്വം പുതുക്കിയില്ല, സിനിമ പ്രഖ്യാപിക്കുന്നതിനു മുന്‍പായി ഫിലിം ചേംബറില്‍ ഇതു സംബന്ധിച്ച രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല തുടങ്ങിയവയാണ് കാരണങ്ങളായി പറഞ്ഞത്. സിനിമകളുടെ തിയറ്റര്‍ റിലീസിന് ചേംബറിന്‍റെ അനുമതി വേണമെങ്കിലും ഒടിടി റിലീസിന് ചേംബര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. ഒടിടി റിലീസില്‍ 'ഈശോ' എന്ന പേര് ഉപയോഗിക്കുന്നതിനും സാങ്കേതിക തടസ്സമില്ല.

ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചരണം നടന്നിരുന്നു. 'ഈശോ', നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജിയും പോയി. എന്നാൽ ഈശോ എന്ന പേരു മാറ്റാൻ തയാറല്ലെന്നാണ് നാദിർഷ വ്യക്തമാക്കിയത്. നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com