മോഹൻലാലിന്റെ ‘ബറോസിൽ’ നിന്ന് പൃഥ്വിരാജ് പിന്മാറി 

ഡേറ്റ് പ്രശ്നം മൂലമാണ് പൃഥ്വിയുടെ പിന്മാറ്റം
ബറോസിന്റെ ആദ്യ ഷെഡ്യൂൾ/ ചിത്രം: ഫേസ്ബുക്ക്
ബറോസിന്റെ ആദ്യ ഷെഡ്യൂൾ/ ചിത്രം: ഫേസ്ബുക്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധനേടിയ ‘ബറോസിൽ’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നം മൂലമാണ് പൃഥ്വിയുടെ പിന്മാറ്റം എന്നാണ് വിവരം. ’ആടുജീവിത’ത്തിന്റെ ചിത്രീകരണത്തിനായി സമയം മാറ്റിവയ്ക്കേണ്ടതുമൂലം താരത്തിന് ബറോസിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. 

ബറോസിന്റെ ആദ്യ ഷെഡ്യൂളിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നു. പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. അതേസമയം കോവിഡ് സാഹചര്യങ്ങൾ മൂലം ‘ബറോസിന്റെ’ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നതാണ് ഡേറ്റ് പ്രശ്നമുണ്ടാകാൻ കാരണം. രണ്ടാം ലോക്ഡൗണിന് മുമ്പ് ബറോസിന്റെ ഷൂട്ടിങ് നടന്നെങ്കിലും ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

'കടുവ', 'ആടുജീവിതം'

ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കും. ശാരീരികമാറ്റങ്ങളടക്കം ഏറെ അധ്വാനം വേണ്ട കഥാപാത്രമായതിനാൽ ഇതിനായി കൂടുതൽ സമയം മാറ്റിവയ്‌ക്കേണ്ടി വരുമെന്നതിനാലാണ് ‘ബറോസിൽ’ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്. 

അടിമുടി മാറ്റി ബറോസ്

ബറോസിന്റെ ചിത്രീകരണം ഇന്നലെ വീണ്ടും പുനരാരംഭിച്ചു. ചിത്രത്തിന്റെ പ്രമോ ടീസർ അടക്കം അണിയറപ്രവർകർ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ആദ്യം നിശ്ചയിച്ച പല താരങ്ങളെയും മാറ്റിയാണ് ചിത്രം വീണ്ടും ഒരുക്കുന്നത്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. പ്രധാനവേഷം അവതരിപ്പിക്കാൻ തെരഞ്ഞെടുത്ത കുട്ടിയെ അടക്കം മാറ്റിയാണ് ഇപ്പോൾ സിനിമ ഒരുങ്ങുന്നത്. മുംബൈ സ്വദേശിയായ മായയാണ് ഇപ്പോൽ ഈ വേഷത്തിലെത്തുന്നത്. 

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത  ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്. പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. സന്തോഷ് ശിവൻ ആണ് ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com