'ഷിബു ആകാന്‍ ജോക്കര്‍ കാണാന്‍ ബേസില്‍ പറഞ്ഞു; പക്ഷേ ഞാനത് ചെയ്തില്ല': ഗുരു സോമസുന്ദരം 

2019ലാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയുടെ കഥ പറയുന്നത്. മലയാള ഭാഷ കൃത്യമായി അറിയാത്ത തന്നോട് ഈ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞെട്ടി
മിന്നല്‍ മുരളി സിനിമ സ്റ്റില്‍, ടൊവിനൊ,ഗുരു സോമസുന്ദരം
മിന്നല്‍ മുരളി സിനിമ സ്റ്റില്‍, ടൊവിനൊ,ഗുരു സോമസുന്ദരം

മിന്നല്‍ മുരളിയിലെ ഷിബു എന്ന പ്രതിനായക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് തമിഴ് നടന്‍ ഗുരു സോമസുന്ദരം. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രത്തിലെ വില്ലനാകാന്‍ വേണ്ടി ബേസില്‍ ജോസഫ് തന്നോട് ജോക്കര്‍ കാണാന്‍ പറഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗുരു. എന്നാല്‍ ജോക്വിന്‍ ഫീനിക്‌സിന്റെ ജോക്കര്‍ താന്‍ കണ്ടിട്ടില്ലെന്നും ഗുരു സോമസുന്ദരം പറയുന്നു. 

'ഷൂട്ടിന് മുന്നേ ജോക്കര്‍ പോലുള്ള ചിത്രങ്ങള്‍ കാണാന്‍ ബേസില്‍ പറഞ്ഞു. ഞാന്‍ ജോക്വിന്‍ ഫീനിക്‌സിന്റെ വലിയ ആരാധകനാണ്. എന്നാല്‍ ജോക്കര്‍ ഞാന്‍ കണ്ടില്ല. ഷൂട്ട് തീരുന്നതുവരെ കാണില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അഭിനയത്തില്‍ വെസ്‌റ്റേണ്‍ ടച്ച് കൊണ്ടുവരുന്നതിനോട് എനിക്ക് താത്പര്യമില്ലായിരുന്നു'- ഗുരു പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മധുരയിലെ നാടക പരിശീലന കാലത്തും മറ്റും കണ്ടുതീര്‍ത്ത നിരവധി സിനികള്‍ പ്രാദേശിക, പാശ്ചാത്യ സിനിമകളിലെ വ്യത്യസ്തമായ കഥപറച്ചിലുകളെ കുറിച്ച് മനസ്സിലാക്കാന്‍ സഹായിച്ചെന്നും ഗുരു പറയുന്നു. കണ്ടുപരിചയിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സൂപ്പര്‍ വില്ലന്‍ കഥാപാത്രമാണ് മിന്നല്‍ മുരളിയിലേത് എന്നും അദ്ദേഹം പറഞ്ഞു. 

ഷിബു ഏകാന്തനാണ്...
 

'ഹീറോയുടെ വഴികളില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുക എന്നതാണ് വില്ലന്റെ ജോലി. ഇത് തകര്‍ക്കുമ്പോഴാണ് നായകന് സൂപ്പര്‍ ഹീറോ പരിവേഷം ലഭിക്കുന്നത്. ഇതാണ് ഹോളിവുഡ് സിനിമകളില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ മിന്നല്‍ മുരളയില്‍ ടോവിനോയുടെ ജെയ്‌സണ് ഷിബുവില്‍ നിന്ന് ഒരു പ്രതിബന്ധവും സൃഷ്ടിക്കപ്പെടുന്നില്ല. പക്ഷേ സമൂഹമാണ് അതുണ്ടാക്കുന്നത്'-ഗുരു കൂട്ടിച്ചേര്‍ത്തു. 

'ഷിബു ഏകാന്തനാണ്. ജെയ്‌സണെ അപേക്ഷിച്ച് ആരും അവനെ ശ്രദ്ധിക്കുന്നില്ല. എന്തിനാണ് ഷിബുവിനെ സമൂഹം അകറ്റുന്നത് എന്ന് സിനിമ ചോദിക്കുന്നു. ഷിബുവിന്റെ മാനുഷിക വശം ചിത്രീകരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.'- ഗുരു പറഞ്ഞു. 

ആദ്യം പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി
 

2019ലാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയുടെ കഥ പറയുന്നത്. മലയാള ഭാഷ കൃത്യമായി അറിയാത്ത തന്നോട് ഈ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'മലയാളത്തില്‍ ഒരുപിടി മികച്ച നടന്‍മാരുള്ളപ്പോള്‍ എന്നെ എന്തിനാണ് തെരഞ്ഞെടുത്തത് എന്ന് ആലോചിച്ചു. എന്നാല്‍ റോളിന് ചേര്‍ന്നതാണ് ഉറപ്പുള്ളതുകൊണ്ടാണ് തന്നെ തേടിയെത്തിയതെന്ന് ബേസില്‍ പറഞ്ഞു. പിന്നീട് മലയാളം പഠിച്ചു. പെട്ടെന്ന് തന്നെ കഥാപാത്രവുമായി പൊരുത്തപ്പെട്ടു.'

ദീര്‍ഘകാലം നാടക നടനായി നിറഞ്ഞാടിയതിന്റെ ബലത്തിലാണ് ഗുരു സിനിമാ മേഖലയിലേക്ക് എത്തുന്നത്. ആരണ്യകാണ്ഡം, പാണ്ഡ്യനാട്, ജിഗര്‍തണ്ട തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും നിരൂപക പ്രശംസ നേടിയ സിനിമകളിലും ഗുരു അഭിനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും ഗുരു അഭിനയിക്കുന്നുണ്ട്. പ. രഞ്ജിത്ത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രവും ഗുരുവിന്റേതായി പുറത്തുവരാനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com