'ജയിലിൽവച്ച് എഴുതിയ കഥ, മോഷണവിവരം അറിഞ്ഞത് സിനിമ ടിവിയിൽ കണ്ടപ്പോൾ'; 'കൈതി' തന്റെ കഥയെന്ന് കൊല്ലം സ്വദേശി

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. സൂപ്പർ ഹിറ്റായി മാറിയ ചിത്രം മോഷ്ടിച്ചതാണെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കൊല്ലം സ്വദേശി രാജീവ് ഫെർണാണ്ടസ്. കൈതി എന്ന സിനിമയുടെ  ഇതിവൃത്തം 2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്ന് പകര്‍ത്തിയതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് രാജീവ് നോവൽ എഴുതുന്നത്. ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് ഒരു തമിഴ് നിർമാതാവ് അഡ്വാൻസ് തന്നതാണ്. ലോക്ക്ഡൗണിന് ഇടയിൽ കൈതി ടിവിയിൽ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞു. 

സിനിമയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ രാജീവ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ നിര്‍മാതാക്കള്‍ക്ക്  പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാജീവിന്‍റെ  കഥയുടെ അടിസ്ഥാനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം ഇറക്കരുതെന്നാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പരാതിയില്‍ വിശദീകരണം നല്‍കാന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. 

2019ലാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി റിലീസ് ചെയ്തത്. കളളക്കടത്തുകാരില്‍ നിന്ന് പൊലീസുകാരെ രക്ഷിക്കുന്ന ജയിൽപുള്ളിയായാണ് കാർത്തി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com