അമിതാഭ് ബച്ചന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയേക്കും; മുംബൈ കോർപറേഷൻ നടപടി ആരംഭിച്ചെന്ന് റിപ്പോർട്ട് 

2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയാണ് ഇത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടൻ അമിതാഭ് ബച്ചന്റെ 'പ്രതീക്ഷ' എന്ന ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ മുൻസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയേക്കും. റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബച്ചന് നോട്ടീസ് നൽകിയിരുന്നു. 2017ൽ നൽകിയ നോട്ടീസിന്റെ തുടർനടപടിയാണ് ഇത്. 

നടപടികൾ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആരംഭിച്ചതായും പ്രതീക്ഷയുടെ ഒരു ഭാഗം ഉടൻ പൊളിച്ചുനീക്കുമെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പൊളിച്ചുനീക്കേണ്ട കെട്ടിടത്തിന്റെ കൃത്യമായ ഭാഗം നിർണ്ണയിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ബച്ചനും രാജ്കുമാർ ഹിരാനിയും ഉൾപ്പെടെ ഏഴ് പേർക്കാണ് നാല് വർഷം മുമ്പ് അനധികൃത നിർമാണം ചൂണ്ടിക്കാട്ടി  നോട്ടീസ് നൽകിയത്. പദ്ധതിക്ക് ആവശ്യമായ മറ്റ് പ്ലോട്ടുകൾ ബച്ചന്റെ ബംഗ്ലാവിനോട് ചേർന്നുള്ള സ്ഥലത്തിന്റെ മതിലിരിക്കുന്ന സ്ഥലമടക്കം കോർപ്പറേഷൻ ഏറ്റെടത്തിരുന്നു. 

കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രയാൻ മിറാൻഡയാണ് ബച്ചനെതിരേ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഇപ്പോൾ പ്രശ്നം ഉന്നയിച്ചത്. "2017ൽ റോഡ് വീതികൂട്ടൽ നയപ്രകാരം അമിതാഭ് ബച്ചന് ബിഎംസി നോട്ടീസ് നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. നോട്ടീസ് നൽകിയിട്ടും എന്താണ് ആ ഭൂമി ബിഎംസി എടുക്കാത്തത്? ഒരു സാധാരണക്കാരന്റെ ഭൂമിയായിരുന്നെങ്കിൽ ബിഎംസി ഉടനടി ഏറ്റെടുക്കുമായിരുന്നു. നോട്ടീസ് നൽകിയ ശേഷം റോഡ് വീതികൂട്ടൽ പദ്ധതിക്ക് അപ്പീൽ ആവശ്യമില്ല", മിറാൻഡ പറഞ്ഞു. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com