ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സിനാണ്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്തു തന്നെ അണിയറ പ്രവർത്തകർ ഇത് വ്യക്തമാക്കിയതാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ഇത് വ്യക്തമാക്കിയത്.
ടൊവീനോയുടെ സമീപകാല ചിത്രം 'കള'യ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമായതെന്നാണ് ശ്രീധർ പറയുന്നത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ചിത്രം നെറ്റ്ഫ്ളിക്സിലൂടെ റിലീസിന് എത്തുക.
ചിത്രത്തിൽ മിന്നൽ മുരളി എന്ന സൂപ്പർഹീറോ കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. അരുൺ ജിഗർതണ്ട, ജോക്കർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിലെ രണ്ട് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്‍മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗ് ആണ്. അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക