ഹൃദയം തൊട്ട് റഹ്മാനും ​ഗുൽസാറും വീണ്ടും, ​ഗാനം ഇതുവരെ കണ്ടത് ഒരു കോടിയോളം; വരുമാനത്തിന്റെ പകുതി കോവിഡ് ദുരിതാശ്വാസത്തിന്

ഗാനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 50% രാജ്യത്തെ കോവിഡ് ദുരിതാശ്വാസത്തിനായി ചെലവഴിയ്ക്കുമെന്ന് നിര്‍മാതാക്കളായ സോണി മ്യൂസിക് ഇന്ത്യ പറഞ്ഞു
മേരി പുകാര്‍ സുനോ ടീം
മേരി പുകാര്‍ സുനോ ടീം

സം​ഗീത പ്രേമികൾക്ക് നിരവധി ​മനോഹര ​ഗാനങ്ങൾ സമ്മാനിച്ച എ. ആര്‍. റഹ്‌മാനും ഗുല്‍സാറും വീണ്ടും ഒന്നിക്കുന്നു. മേരി പുകാര്‍ സുനോ എന്ന ​ഗാനമാണ് ഇവരുടെ കൂട്ടുകെട്ടിൽ പുറത്തുവന്നത്. ജൂൺ 26ന് പുറത്തിറങ്ങിയ ​ഗാനം ഇതിനോടകം ഒരു കോടിയോളം പേരാണ് കണ്ടത്. ഗാനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 50% രാജ്യത്തെ കോവിഡ് ദുരിതാശ്വാസത്തിനായി ചെലവഴിയ്ക്കുമെന്ന് നിര്‍മാതാക്കളായ സോണി മ്യൂസിക് ഇന്ത്യ പറഞ്ഞു. 

കോവിഡ് മൂലം നിരാശയിലാണ്ടുപോയ മനസ്സുകളില്‍ പ്രത്യാശയുടെ തിരി കൊളുത്തുന്നതാണ് ഗാനം. ഇന്ത്യന്‍ സംഗീതലോകത്തെ രണ്ട് ഇതിഹാസങ്ങളുടെ സംഗമമായ ഈ ഗാനം രാജ്യത്തെ ഏഴ് പ്രമുഖ ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അല്‍ക യാഗ്നിക്, ശ്രേയ ഘോഷാല്‍, കെഎസ് ചിത്ര, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവരാണ് ​ഗാനമാലപിച്ചിരിക്കുന്നത്. യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, സ്‌പോടിഫൈ, ഗാന, ആമസോണ്‍ മ്യൂസിക്, ആപ്പ്ള്‍ മ്യൂസിക് എന്നീ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ​ഗാനം റിലീസായത്. രണ്ടു ദിവസം കൊണ്ട് യുട്യൂബില്‍ മാത്രം കേട്ടത് 70 ലക്ഷത്തോളം പേരാണ്. 

എല്ലാവരുടേയും അമ്മയായ ഭൂമിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് ഗാനം രചിയ്ക്കപ്പെട്ടിരിക്കുന്നത്. തന്റെ കുട്ടികളെ വീണ്ടും ഒരുമിച്ചു കൂടാന്‍ പ്രേരിപ്പിക്കുകയും ഈ ദുരിതകാലം കടന്നുപോകുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്യുന്ന ഭൂമിമാതാവാണ് ഗാനത്തിലുള്ളത്. പകര്‍ച്ചവ്യാധിയുടെ ഈ കാലഘട്ടം എല്ലായിടത്തും അനിശ്ചിതത്വവും വേദനയും സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ അത് മറികടക്കാനുള്ള ഊര്‍ജ്ജസ്വലതയും പ്രത്യാശയും മനുഷ്യര്‍ കാഴ്ചവെയ്ക്കുന്നുണ്ടെന്ന് ഗാനത്തെപ്പറ്റി സംസാരിക്കവെ എ ആര്‍ റഹ്‌മാന്‍ പറഞ്ഞു. 'നമുക്കെല്ലാവര്‍ക്കും ആശ്വാസവും ഉറപ്പുമാണ് ഇപ്പോള്‍ ആവശ്യം, അതുകൊണ്ടുതന്നെയാണ് ഗുല്‍സാര്‍ജിയും ഞാനും പ്രതീക്ഷയുടെ ഒരു ഗാനം സൃഷ്ടിക്കാന്‍ ആഗ്രഹിച്ചത്,' റഹ്‌മാന്‍ പറഞ്ഞു.

തണുത്ത കാറ്റ്, ഒഴുകുന്ന അരുവികള്‍, അനന്തമായ സൂര്യപ്രകാശം എന്നിവയിലൂടെയെല്ലാം ഭൂമി നമുക്ക് വലിയ പ്രതീക്ഷകള്‍ തരുന്നുവെന്ന് ലോകം ആദരിക്കുന്ന കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ പ്രതീക്ഷയാണ് മേരി പുകാര്‍ സുനോ പങ്കുവെയ്ക്കുന്നത്. എല്ലായ്പ്പോഴുമെന്നപോലെ റഹ്‌മാന്‍ സാഹിബ് എന്റെ വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ശം നല്‍കിയിരിക്കുന്നു,' ഗുല്‍സാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com