അപ്പുവിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് വെളിച്ചം പകര്‍ന്നു; അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ പുനീത് രാജ്കുമാറും

പുനീത് രാജ്കുമാര്‍ 
പുനീത് രാജ്കുമാര്‍ 


ബെംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ നാലുപേര്‍ക്ക് വെളിച്ചം പകര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരത്തിന്റെ മരണത്തിന് ശേഷം അത് തുടരുന്നു. 

അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ, കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് നാരായണ നേത്രാലയ ചെയര്‍മാന്‍ ഡോ. ഭുജന്‍ ഷെട്ടി പറഞ്ഞു. 

' വലിയ ദുഖത്തിനിടയിലും പുനീത് രാജ്കുമാറിന്റെ കുടുംബം കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചു. പുനീതിന്റെ അച്ഛന്‍ രാജ് കുമാറിന്റെയും അമ്മ പര്‍വതമ്മയുടെയും കണ്ണുകള്‍ ഇതുപോലെ ദാനം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് അപ്പുവിന്റെ കണ്ണുകള്‍ ഞങ്ങള്‍ മറ്റു നാലുപേര്‍ക്ക് വേണ്ടി സ്വീകരിച്ചത്. ശേഷം ശനിയാഴ്ച ശസ്ത്രക്രിയ നടത്തി'-ഡോ.ഷെട്ടി പറഞ്ഞു. 

ഒരാളുടെ കണ്ണുകള്‍ നാലുപേര്‍ക്ക് ദാനം ചെയ്യുന്നത് കര്‍ണാടകയില്‍ ആദ്യമായാണെന്നും അതി ന്യൂതന സാങ്കേതീക വിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കണ്ണുകളുടെ കോര്‍ണിയ നെടുകെ മുറിച്ച് മുന്നിലെ ഭാഗം ഒരാള്‍ക്കും പുറകിലേത് മറ്റൊരാള്‍ക്കും നല്‍കി. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. പുനീതിന്റെ കണ്ണുകള്‍ ലഭിച്ച നാലുപേരും കര്‍ണാടക സ്വദേശികളായ യുവാക്കളാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

കണ്ണുകള്‍ എടുക്കുന്ന ശസ്ത്രക്രിയ പുനീതിന്റെ മരണം സ്ഥിരീകരിച്ചതിന് ശേഷം രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ചു. വൈകുന്നേരം 5.30ഓടെ അവസാനിച്ചെന്നും ഡോക്ടര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com