വിലക്ക് നീങ്ങി; 'കപ്പേള' ഇനി അന്യഭാഷയിലേക്കും 

ചിത്രത്തിന്റെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ്‌ ഹർജി നൽകിയതിന് പിന്നാലെയാണ് കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾ വിലക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത 'കപ്പേള'യുടെ അന്യഭാഷാ റീമേക്കുകൾക്കുള്ള വിലക്ക് ഹൈക്കോടതി പിൻവലിച്ചു. ചിത്രത്തിന്റെ സഹഎഴുത്തുകാരനെന്ന് അവകാശപ്പെട്ട് സുധാസ്‌ എന്നയാൾ ഹർജി നൽകിയതിന് പിന്നാലെ കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾക്ക് എറണാകുളം ജില്ലാ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ആ വിധിയാണ് ഇപ്പോൾ ഹൈക്കോടതി പിൻവലിച്ചത്. 

കപ്പേളയുടെ അസിസ്റ്റന്റ് ഡയറക്ടറായി എത്തുകയും ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ സമയത്ത് ഡയറക്ഷൻ ടീമിലെ അം​ഗമായി നിൽക്കുകയും ചെയ്ത വ്യക്തിയാണ് സുധാസ്. ഇയാൾ പിന്നീട് രജനികാന്തിന്റെ 'ദർബാർ' എന്ന ചിത്രത്തിൽ സഹായിയായി പോയിരുന്നു. ചിത്രത്തിന്റെ ഡയറക്ഷൻ ടീമിൽ പ്രവർത്തിക്കുകയും സ്‌ക്രിപ്റ്റ് ചർച്ചയിൽ കൂടെയിരിക്കുകയും ചെയ്തതിനാൽ കോറൈറ്റർ എന്ന സ്ഥാനത്ത് ഇദ്ദേഹത്തിന്റെ പേര് ടൈറ്റിലിൽ ഉൾപ്പെടുത്തി. ഈ സാഹചര്യം മുതലെടുത്താണ് സുധാസ് ഹർജി സമർപ്പിച്ചത്. 

കഴിഞ്ഞ വർഷം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വിറ്റുപോയിരുന്നു. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ധാരാളം പുരസ്‌കാരങ്ങൾ തേടിയെത്തിയതിന് പിന്നാലെ തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുവാനുള്ള ചർച്ചകൾ നടന്നു. ഇതിന് ശേഷമാണ് തനിക്കും ചിത്രത്തിന്റെ തിരക്കഥയിൽ അവകാശമുണ്ടെന്ന് ഉന്നയിച്ച് സുധാസ്‌ രം​ഗത്തെത്തിയത്. 

അന്ന ബെൻ, റോഷൻ മാത്യു,  ശ്രീനാഥ് ഭാസി എന്നിവരാണ് കപ്പേളയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് അന്ന ബെന്നിന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സംവിധായകൻ മുഹമ്മദ് മുസ്തഫയ്ക്ക് മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com