'ഇത് സാമാന്യബുദ്ധിയെ പരിഹസിക്കുന്നത്'; അമിതാഭ് ബച്ചന് തുറന്ന കത്ത്; കോൻ ബനേഗ ക്രോർപതിയുടെ "സൂപ്പർ പവർ" എപ്പിസോഡ് പിൻവലിച്ചു 

കണ്ണടച്ചാലും തനിക്ക് കാര്യങ്ങൾ കാണാമെന്ന് ഒരു പെൺകുട്ടി തെളിയിക്കുന്നതാണ് വിവാദ എപ്പിസോഡിലെ ഉള്ളടക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബി​ഗ് ബി അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന കോൻ ബനേഗ ക്രോർപതിയുടെ 'മിഡ്‌ബ്രെയിൻ ആക്ടിവേഷൻ' എപ്പിസോഡ് സോണി ടിവിയുടെ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിച്ചു. യുക്തിവാദിയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ റേഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റുമായ മംഗളൂരു സ്വദേശി നരേന്ദ്ര നായക് അമിതാഭ് ബച്ചന് എഴുതിയ തുറന്ന കത്തിനെ തുടർന്നാണ് നടപടി.

'സൂപ്പർ പവർ' പോലുള്ള പ്രതിഭാസങ്ങൾ അംഗീകരിക്കുന്നത് സാമാന്യബുദ്ധിയുടെ പരിഹാസമാണെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആർട്ടിക്കിൾ 51എ(എച്ച്) ചൂണ്ടിക്കാട്ടി നായക് കത്തിൽ പറയുന്നു. അത്തരം ശക്തികൾ ഉണ്ടെങ്കിൽ അത് നൊബേൽ പുരസ്കാരത്തിന് അർഹമാക്കേണ്ടതാണെന്നാണ് നായ്ക്കിന്റെ അഭിപ്രായം. കാരണം നിലവിൽ ലഭ്യമായിട്ടുള്ള എല്ലാ വൈദ്യശാസ്ത്ര തത്വങ്ങൾക്കും എതിരാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണടച്ചാലും തനിക്ക് കാര്യങ്ങൾ കാണാമെന്ന് ഒരു പെൺകുട്ടി തെളിയിക്കുന്നതാണ് വിവാദ എപ്പിസോഡിലെ ഉള്ളടക്കം. 

തിങ്കളാഴ്ച ചാനൽ അധികൃതരിൽ നിന്ന് തന്റെ കത്തിന് മറുപടി ലഭിച്ചതായി നായക് പറഞ്ഞു. “നിങ്ങളുടെ വ്യൂവർഷിപ്പിന് നന്ദി. പ്രസ്തുത എപ്പിസോഡ് എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പിൻവലിച്ചിരിക്കുന്നു, അതിലെ ദൃശ്യങ്ങൾ ഉചിതമായി എഡിറ്റ് ചെയ്‌തിട്ടുണ്ട്. കൂടാതെ ഭാവിയിലെ എല്ലാ എപ്പിസോഡുകൾക്കും കൂടുതൽ ജാഗ്രത പുലർത്താനും ഞങ്ങൾ ടീമിനെ ബോധവൽക്കരിച്ചിട്ടുണ്ട്“,എന്നാണ് മറുപടിയിൽ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com