'അപ്പുവിനെക്കുറിച്ച് എന്തു പറഞ്ഞാലും തള്ളാണെന്ന് പറയും, ചായക്കടയിൽ കയറിയാൽ ചിലപ്പോൾ അവിടെ ഇരിപ്പുണ്ടാകും'; വിനീത്

സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പുവെന്നും ആളുകൾക്ക് അവനെ അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നുമാണ് താരത്തിന്റെ വാക്കുകൾ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ പാട്ട് ആവേശമായി മാറുകയാണ്. ദർശന എന്നു തുടങ്ങുന്ന ​ഗാനത്തിൽ പ്രണവിന്റേയും ദർശന രാജേന്ദ്രന്റേയും പ്രണയമാണ് പറയുന്നത്. ഇപ്പോൾ പ്രണവിനെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അപ്പുവിനെക്കുറിച്ച് എന്തു പറഞ്ഞാലും തള്ളാണെന്നു പറയും എന്നാണ് വിനീത് പറയുന്നത്. സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പുവെന്നും ആളുകൾക്ക് അവനെ അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നുമാണ് താരത്തിന്റെ വാക്കുകൾ. ​മുമ്പ് സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സം​ഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും ഒന്നിച്ച സൗഹൃദ ചർച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു'

"അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകൾ പറയും തള്ളാണെന്ന്. ആളുകൾക്ക് വിശ്വസിക്കാൻ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാൽ എവിടെ വച്ചും കാണാൻ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ​ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയിൽ കയറിയാൽ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്. ആളുകൾക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാൻ അവനെക്കുറിച്ച് തള്ളുന്നില്ല...അപ്പുവിന്റെ മെയ്ക്കപ്പ് മാൻ ഉണ്ണി ഒരു രം​ഗത്തിൽ‌ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവൻ ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്. വിനീത് പറയുന്നു.

'നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ നോക്കിയിരിക്കും'

ചിത്രത്തിലേക്ക് ദർശനയെ കാസ്റ്റ്  ചെയ്തതിനെക്കുറിച്ചും വിനീത് പറഞ്ഞു. വിശാൽ നായകനായെത്തിയ ഇരുമ്പു തിരൈ എന്ന ചിത്രത്തിലാണ് ആദ്യമായി ദർശനയെ വിനീത് കാണുന്നത്. പിന്നീട് ‘കൂടെ’ സിനിമയിൽ നസ്രിയയ്ക്കൊപ്പം കണ്ടപ്പോൾ പാട്ട് ഫ്രീസ് ചെയ്തുവച്ച് ദർശനയെ നോക്കുമായിരുന്നു. ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി നിന്നിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്. സിനിമ ചെയ്യുമ്പോൾ ചില കഥാപാത്രത്തിന് ഇന്ന ആൾ ചേരും എന്ന് മനസ്സിൽ തോന്നാറുണ്ടല്ലോ. അത് ബുദ്ധിപൂർവമെടുക്കുന്ന തീരുമാനമൊന്നുമല്ല. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാൻ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്‌താൽ അടിപൊളി ആയിരിക്കും എന്ന്- വിനീത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com