സ്ത്രീവിരുദ്ധതയും അവിഹിതബന്ധങ്ങളും, കുടുംബത്തോടൊപ്പം ഇരുന്ന് കാണാൻ പറ്റില്ല; ടിവി സീരിയലുകൾക്കെതിരെ അവാർഡ് ജൂറി

സ്ത്രീധനപീഡനമടക്കം വർധിക്കുന്നതിനു പിന്നിൽ ഇത്തരം പരമ്പരകളുടെ സ്വാധീനമുണ്ടെന്നും ജൂറി നിരീക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; മലയാളത്തിലെ ടെലിവിഷൻ സീരിയലുകൾ സ്ത്രീ വിരുദ്ധതയും അവിഹിത ബന്ധങ്ങളും നിറഞ്ഞതാണെന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി. കുടുംബത്തോടൊപ്പമിരുന്ന് കാണാൻ പാടില്ലാത്തവിധം നിലവാരത്തകർച്ചയിലാണ് മലയാളത്തിലെ സീരിയലുകളെന്നു കാട്ടി ഇത്തവണയും സീരിയലുകൾക്ക് പ്രധാന പുരസ്‌കാരങ്ങൾ നൽകിയില്ല.  

സ്ത്രീധനപീഡനമടക്കം വർധിക്കുന്നതിനു പിന്നിൽ ഇത്തരം പരമ്പരകളുടെ സ്വാധീനമുണ്ടെന്നും ജൂറി നിരീക്ഷിച്ചു. ഇതിൽ ഗൗരവമായ ഇടപെടലുണ്ടാകണമെന്ന നിർദേശവും ജൂറി സർക്കാരിനു സമർപ്പിച്ചു. പലതിലും 10 വയസ്സിനു താഴെയുള്ള കുട്ടികളെപ്പോലും മോശമായി ചിത്രീകരിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള ഹ്രസ്വചിത്ര വിഭാഗത്തിൽ ഒരു എൻട്രിപോലും സമർപ്പിക്കപ്പെട്ടുമില്ല. 

ഇത്തവണ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, കലാസംവിധായകൻ തുടങ്ങിയ അവാർഡുകളിലാണ് സീരിയലുകളെ തഴഞ്ഞത്. 39 എൻട്രികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഇവയെല്ലാം സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചവയാണെന്ന് ജൂറി അംഗങ്ങൾ പറഞ്ഞു. മുൻവർഷവും നിലവാരത്തകർച്ച ചൂണ്ടിക്കാട്ടി സീരിയലുകൾക്ക് അവാർഡ് നൽകിയിരുന്നില്ല. 

കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു കാണുന്ന മാധ്യമമെന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്വം പുലർത്തണം. വൈവിധ്യവും നിലവാരവുമുള്ള സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാൻ പുരസ്കാരത്തുക വർധിപ്പിക്കണമെന്നും ഇക്കാര്യങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com