സത്യൻ അന്തിക്കാടിനോട് ചാൻസ് ചോദിച്ചത് 2002ൽ, ഇതുവരെ കിട്ടിയിട്ടില്ല; പ്രശാന്ത് അലക്സാണ്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2021 10:34 AM  |  

Last Updated: 18th August 2021 10:37 AM  |   A+A-   |  

sathyan_anthikad_prashant_alexander

പ്രശാന്ത് അലക്സാണ്ടര്‍, സത്യൻ അന്തിക്കാട്/ ഫേയ്സ്ബുക്ക്

 

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രശാന്ത് അലക്സാണ്ടര്‍ എന്ന നടൻ മലയാളികൾക്ക് പരിചിതനാണ്. നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഓപ്പറേഷൻ ജാവയിലെ കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിക്കൊടുത്തത്. ഇപ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ചാൻസ് ചോദിച്ചതിനെക്കുറിച്ച് പറയുകയാണ് പ്രശാന്ത്. 

2002 ലാണ് സത്യൻ അന്തിക്കാടിനോട് സിനിമയിലൊരു വേഷം ചോദിക്കുന്നത് എന്നാൽ ഇതുവരെ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ തനിക്ക് ആയില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. കൊയമ്പത്തൂരിൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സത്യൻ അന്തിക്കാടിന്റെ താമസ സ്ഥലത്തെത്തി കാണുന്നത്. ഇത്രയും വലിയൊരു സംവിധായകനാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് അത്ഭുതപ്പെടുമെന്നാണ് പ്രശാന്തിന്റെ വാക്കുകൾ. 

ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. സത്യേട്ടന്‍ പറഞ്ഞു, 'ഈ ചിത്രത്തില്‍ കഥാപാത്രങ്ങളെല്ലാം ഫിക്‌സ് ആയി. നല്ലൊരു വേഷം വരട്ടെ, ഞാന്‍ വിളിക്കാം' എന്ന്. ആ വാക്കുകള്‍ തന്നെ തനിക്ക് ധാരാളമായിരുന്നു. സന്തോഷത്തോടെയാണ് അന്ന് തിരികെ എത്തിയത്. 2002ല്‍ ആണ് ഇത് നടക്കുന്നത്. 2021 ആയിട്ടും തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേഷന്‍ ജാവ കണ്ടിട്ട് സത്യേട്ടന്‍ വിളിച്ചപ്പോഴും എന്നാണ് തനിക്ക് സത്യേട്ടന്റെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുകയെന്ന് ഞാൻ ആരാഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്ന് സത്യേട്ടന്‍ പറഞ്ഞു.- പ്രശാന്ത് അലക്സാണ്ടര്‍ പറഞ്ഞു.