രുദ്രമ ദേവി താരത്തിന് കാന്‍സര്‍; രോഗത്തിന് മുന്നില്‍ തോറ്റുപോകില്ലെന്ന് നടി ഹംസ നന്ദിനി

ഞാന്‍ ഇതിനകം ഒമ്പത് കീമോതെറാപ്പി സൈക്കിളുകള്‍ക്ക് വിധേയയായി. ഇനി ഏഴ് എണ്ണം കൂടി ബാക്കിയുണ്ട്
നടി ഹംസ നന്ദിനി ഫോട്ടോ ഇന്‍സ്റ്റഗ്രാം
നടി ഹംസ നന്ദിനി ഫോട്ടോ ഇന്‍സ്റ്റഗ്രാം

മുംബൈ: രുദ്രമ ദേവി, ജയ് ലവ കുശ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന തെലുങ്ക് നടിയാണ് ഹംസ നന്ദിനി. സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമായ നടിയുടെ പുതിയ പോസ്റ്റ് ആരാധകരെ ഞെട്ടിച്ചു. തനിക്ക്  സ്തനാര്‍ബുദമാണെന്നും അവസാനം വരെ ധൈര്യത്തോടെ മുന്നേറുമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചികിത്സയ്ക്കിടെ തലമൊട്ടയടിച്ചുള്ള ഫോട്ടോയും നടി പങ്കുവച്ചു.

'ജീവിതം എനിക്ക് നേരെ എന്ത് എറിഞ്ഞാലും, അത് എത്ര അന്യായമായതായാലും ഇരയാവാന്‍ ഞാന്‍ നില്‍ക്കില്ല. ഭയം, അശുഭാപ്തി വിശ്വാസം, നിഷേധാത്മകത എന്നിവയാല്‍ ഭരിക്കപ്പെടാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാന്‍ ഉപേക്ഷ വിചാരിക്കാന്‍ തയ്യാറല്ല. ധൈര്യത്തോടെയും സ്‌നേഹത്തോടെയും ഞാന്‍ മുന്നോട്ട് പോകും. നാല് മാസങ്ങള്‍ക്കു മുമ്പ്, എന്റെ നെഞ്ചില്‍ ഒരു ചെറിയ മുഴ അനുഭവപ്പെട്ടു. ആ നിമിഷം തന്നെ ഞാനറിഞ്ഞു, എന്റെ ജീവിതം ഒരിക്കലും പഴയതുപോലെ ആകില്ലെന്ന്. 18 വര്‍ഷം മുമ്പ് എനിക്ക് എന്റെ അമ്മയെ ഒരു ഭയാനകമായ രോഗത്താല്‍ നഷ്ടപ്പെട്ട., അതിനുശേഷം ഞാന്‍ അതിന്റെ ഇരുണ്ട നിഴലില്‍ ജീവിച്ചു. ഞാന്‍ ഭയന്നു പോയി

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ഞാന്‍ ഒരു മാമോഗ്രാഫി ക്ലിനിക്കിലെത്തി, മുഴ പരിശോധിച്ചു. എനിക്ക് ഒരു ബയോപ്‌സി ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ച ശേഷം ഒരു സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റുമായി ഉടന്‍ ബന്ധപ്പെടാന്‍ എന്നോട് ആവശ്യപ്പെട്ടു. ബയോപ്‌സി എന്റെ എല്ലാ ഭയങ്ങളും സ്ഥിരീകരിച്ചു. സ്തനാര്‍ബുദം ഉണ്ടെന്ന് കണ്ടെത്തി. നിരവധി സ്‌കാനുകള്‍ക്കും പരിശോധനകള്‍ക്കും ശേഷം എന്റെ ട്യൂമര്‍ നീക്കം ചെയ്യാന്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് ഞാന്‍ ധൈര്യത്തോടെ നടന്നു. ഈ സമയത്ത് രോഗം പടര്‍ന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷെ ആ ആശ്വാസത്തിന് അല്‍പ്പായുസായിരുന്നു ഉണ്ടായിരുന്നത്.'
    
'എന്റെ ജീവിതത്തിലുടനീളം മറ്റൊരു സ്തനാര്‍ബുദത്തിനുള്ള സാധ്യത 70ശതമാനവും അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 45ഉം ഉണ്ടെന്ന് ഏതാണ്ട് ഉറപ്പുനല്‍കുന്ന ഒരു ജനിതകമാറ്റം എനിക്കുണ്ടെന്നും പിന്നീട് നടന്ന പരിശോധനയില്‍ തെളിഞ്ഞു. വിജയം കൈവരിക്കുന്നതിന് മുമ്പ് എനിക്ക് വിധേയമാകേണ്ട വിപുലമായ ചില പ്രതിരോധ ശസ്ത്രക്രിയകളിലൂടെ കടന്നുപോവുകയാണ്.  ഞാന്‍ ഇതിനകം ഒമ്പത് കീമോതെറാപ്പി സൈക്കിളുകള്‍ക്ക് വിധേയയായി. ഇനി ഏഴ് എണ്ണം കൂടി ബാക്കിയുണ്ട്. ഈ രോഗത്തെ ഞാന്‍ എന്റെ ജീവിതത്തെ നിര്‍വചിക്കാന്‍ അനുവദിക്കില്ല. ഒരു പുഞ്ചിരിയോടെയും വിജയിച്ചും ഞാന്‍ അതിനെതിരെ പോരാടും. ഞാന്‍ മികച്ചതും കരുത്തുറ്റതുമായി സ്‌ക്രീനില്‍ തിരിച്ചെത്തും. മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കുന്നതിന് ഞാന്‍ എന്റെ കഥ പറയും. ഒപ്പം ഞാന്‍ ബോധപൂര്‍വ്വം ജീവിതവും അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആഘോഷിക്കും.' നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com