സൽമാൻ ഖാന്റെ കുതിരയെ വാങ്ങാൻ 12 ലക്ഷം നൽകി, പണം തട്ടിയെന്ന് സ്ത്രീയുടെ പരാതി; കേസ് കോടതിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 11:52 AM |
Last Updated: 12th February 2021 11:52 AM | A+A A- |

ഫയല്‍ ചിത്രം
നടൻ സൽമാൻ ഖാന്റെ ഉടമസ്ഥതയിലുള്ള കുതിരയെ നൽകാമെന്ന് പറഞ്ഞ് മൂന്നുപേർ 12 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രാജസ്ഥാൻ സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 11 ലക്ഷം രൂപ പണമായും ബാക്കി തുക ചെക്കായുമാണ് നൽകിയതെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. ഹർജി തള്ളിയ രാജസ്ഥാൻ ഹൈക്കോടതി സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കാൻ ബന്ധപ്പെട്ട പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
നിർഭയ് സിംഗ്, രാജ്പ്രീത് എന്നിവരും മറ്റൊരു യുവാവും ചേർന്ന് പറ്റിച്ചെന്നാണ് സന്തോഷ് ഭാട്ടി എന്ന സ്ത്രീയുടെ ആരോപണം. കുതിരക്കൊപ്പമുള്ള നടന്റെ ചിത്രം സന്തോഷ് ഭാട്ടിയെ കാണിക്കുകയും ഈ കുതിര വിൽപ്പനയ്ക്ക് ലഭ്യമാണെന്ന് അറിയിച്ചെന്നും ഭാട്ടിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. നടനെ അറിയാമെന്നും അദ്ദേഹത്തിന്റെ ചില കുതിരകളെ നേരത്തെ വിറ്റിട്ടുണ്ടെന്നും പ്രതികൾ ഭാട്ടിയെ ബോധ്യപ്പെടുത്തി.
സൽമാൻ കുതിരയെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവയെ വാങ്ങി മറിച്ചുവിറ്റാൽ വലിയ ലാഭം നേടാനാകുമെന്നും പ്രതികൾ പറഞ്ഞു. കരാർ അംഗീകരിച്ച ഭാട്ടി കുതിരയുടെ വിലയായി 12 ലക്ഷം രൂപ കൈമാറി, എന്നാൽ കുതിരയെ നൽകാത്തതിനെ തുടർന്ന് ഓഗസ്റ്റിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഇവർ ജോധ്പൂരിലെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.