ദൃശ്യം 2 തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ ; പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന്  ലിബര്‍ട്ടി ബഷീര്‍
മോഹൻലാൽ മീനക്കും അൻസിബക്കും എസ്തറിനുമൊപ്പം/ ട്വിറ്റർ
മോഹൻലാൽ മീനക്കും അൻസിബക്കും എസ്തറിനുമൊപ്പം/ ട്വിറ്റർ

കൊച്ചി : ഓണ്‍ലൈനിലൂടെ റീലീസ് ചെയ്യുന്ന മോഹന്‍ലാല്‍- ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബറിന്റെ നിലപാട് തള്ളി ലിബര്‍ട്ടി ബഷീര്‍. ദൃശ്യം 2 ഒടിടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഈ മാസം 19 ന് ആമസോണ്‍ പ്രൈമിലൂടെ റീലീസ് ചെയ്യുകയാണ്. ഒടിടി റീലീസിന് ശേഷം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നു. ഈ നീക്കത്തിനെതിരെയാണ് ഫിലിം ചേംബര്‍ രംഗത്തു വന്നത്. 

ദൃശ്യം 2 ഒടിടിക്ക് നല്‍കരുതായിരുന്നു. ആ സിനിമ കേരളത്തിലെ ഒരു തീയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. മോഹന്‍ലാല്‍ അഭിനയിച്ച സിനിമ ആയാലും പുതുമുഖ ചിത്രമായാലും ഒടിടിയില്‍ റിലീസ് ചെയ്താല്‍ പിന്നീട് തിയേറ്ററില്‍ പുറത്തിറക്കാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു. 

നേരത്തെ ദൃശ്യം 2 ഒടിടി ആയി റിലീസ് ചെയ്യുന്നതിനെതിരെ ലിബര്‍ട്ടി ബഷീര്‍ രംഗത്തു വന്നിരുന്നു. സിനിമ സംഘടനകളുടെ നേതാക്കളായ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെടുന്ന സിനിമ ഒടിടി റിലീസ് ചെയ്യുന്നത് ശരിയല്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടത്. നേതാക്കള്‍ തന്നെ ഒടിടി റിലീസിന് മുന്‍കൈ എടുക്കുന്നത് അമിത ലാഭം ആഗ്രഹിച്ചിട്ടാണ്. ഇത് മലയാള സിനിമാ വ്യവസായത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com