ഏറ്റവും വലിയ സ്വപ്നമെന്ന് ആർ എസ് വിമൽ, 'സൂര്യപുത്ര മഹാവീർ കർണ' ; ലോഗൊ പുറത്തുവിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 02:08 PM |
Last Updated: 23rd February 2021 02:08 PM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ വിമലിന്റെ രണ്ടാമത്തെ ചിത്രമാണ് 'സൂര്യപുത്ര മഹാവീർ കർണ'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക ലോഗൊ പുറത്തുവിട്ടു. എന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ചിത്രത്തെ വിമൽ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പൂജ എന്റർടെയ്ൻമെന്റ്സാണ് നിർമ്മിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും വിമൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പൃഥ്വിരാജ് മഹാവീർ കർണനായി എത്തുന്നുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് വിക്രം ആയിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. സുരേഷ് ഗോപിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.