'മുംബൈക്കർ'; വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ഇത് 

സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'മുംബൈക്കർ' എന്നാണ് ചിത്രത്തിന്റെ പേര്. വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരടങ്ങുന്ന താരനിരയെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റർ. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരം‌ഭിക്കും. 

ചിത്രത്തിൻറെ പേര് ജനുവരി ഒന്നിന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ ഭാ​ഗമാകുന്നതിൽ സന്തോഷ‌ം എന്ന് കുറിച്ചാണ് വിജയ് പേര് പങ്കുവച്ചത്. വിജയ് സേതുപതിക്കൊപ്പ അഭിനയിക്കുന്നതിന്റെ സന്തോഷം വിക്രാന്ത് മസ്സേയും മറച്ചുവച്ചില്ല. 

2017ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്റെ ആക്ഷൻ ത്രില്ലർ ചിത്രം 'മാനഗര'ത്തിൻറെ ഹിന്ദി റീമേക്ക് ആണ് പുതിയ ചിത്രം. 12 വർഷത്തിനു ശേഷം സന്തോഷ് ശിവൻ ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2008ൽ പുറത്തിറങ്ങിയ 'തഹാൻ' ആണ് ഹിന്ദിയിൽ ഇതിനുമുൻപ് അദ്ദേഹം സംവിധാനം ചെയ്തത്. 

മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം 'ജാക്ക് ആൻഡ് ജിൽ' ആണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത്, പുറത്തെത്താനുള്ള ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com