വിജയ് സിനിമകളിലെ ക്ലീഷേകൾ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്, മാസ്റ്റർ 50 ശതമാനം എന്റെ ചിത്രം; ലോകേഷ് കനകരാജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd January 2021 05:23 PM |
Last Updated: 03rd January 2021 05:23 PM | A+A A- |
ലോകേഷ് കനകരാജ്, വിജയ്/ ട്വിറ്റർ
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വളരെ പ്രതീക്ഷയിലാണ് ആരാധകർ. മാസ്റ്റർ 50 ശതമാനവും തന്റെ സിനിമയാണെന്ന് പറയുകയാണ് ലോകേഷ്. വിജയ് ചിത്രങ്ങളിലെ സാധാരണ ഘടകങ്ങളെല്ലാം ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ ക്ലീഷേകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. തമിഴ് മാധ്യമമായ വികടന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
'എനിക്കൊപ്പമെത്തുമ്പോള്‍ ഒരു പുതുമ വേണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജയ് ചിത്രങ്ങളിലെ ക്ലീഷേകളുടെ സ്ഥാനത്ത് പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും വിജയ് സാര്‍ തന്നിരുന്നു'- ലോകേഷ് പറഞ്ഞു. 50 ശതമാനം ഒരു വിജയ് ചിത്രവും 50 ശതമാനം തന്‍റെ സിനിമയും എന്ന നിലയ്ക്കാണ് 'മാസ്റ്ററി'നെ നോക്കിക്കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.
വിജയ് സിനിമയിലേക്ക് വന്നതിനെക്കുറിച്ചും ലോകേഷ് മനസു തുറന്നു. 'കൈതി ചെയ്യുന്ന സമയത്താണ് വിജയ് സാര്‍ പുതിയ സംവിധായകരുടെ കഥകള്‍ കേള്‍ക്കുന്നതായി അറിഞ്ഞത്. കൈതിയുടെ അവസാന ഷെഡ്യൂള്‍ നടക്കുന്ന സമയത്താണ് അദ്ദേഹത്തെ പോയി കണ്ടത്. മാനഗരമാണ് വിജയ് സാര്‍ കണ്ടിരുന്ന എന്‍റെ ചിത്രം. അര മണിക്കൂറില്‍ കഥ പറഞ്ഞു. ആലോചിച്ചിട്ട് മറുപടി തരാമെന്ന് പറഞ്ഞു. പിറ്റേന്ന് അദ്ദേഹത്തിന്‍റെ മാനേജര്‍ വിളിച്ചു. പിന്നീട് വിജയ് സാറ്‍ നേരിട്ടും പറഞ്ഞു, പടം ചെയ്യാമെന്ന്. '
മാസ്റ്റർ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതിന് ശേഷം മൂന്നാല് മാസം താനുള്‍പ്പെടെയുള്ളവര്‍ ഡിപ്രഷനിലായിരുന്നെന്നും ലോകേഷ് വ്യക്തമാക്കി. ഈ സമയത്തും ആരാധകര്‍ കാണിച്ച ഉത്സാഹമായിരുന്നു ഊർജം നൽകിയതെന്നും കൂട്ടിച്ചേർത്തു. ജനുവരി 13 ന് തിയറ്ററിലാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്.