'എന്റെ എംപി ഫണ്ടെല്ലാം തീർന്നു, സിനിമയിൽ നിന്ന് അഞ്ചു കോടി മാറ്റിവയ്ക്കണം'; സുരേഷ് ​ഗോപിയെക്കുറിച്ച് ജോസ് തോമസ്

കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

സുരേഷ് ​ഗോപി എംപിയെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ജോസ് തോമസ്. ചാണകസംഘി എന്നു വിളിച്ച് സുരേഷ് ​ഗോപിയെ അധിക്ഷേപിക്കുന്നവർക്ക് അദ്ദേഹം ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് ജോസ് പറയുന്നത്. തന്റെ യൂട്യൂബ് വിഡിയോയിലൂടെയാണ് സുരേഷ് ഗോപിയുമായുള്ള മുപ്പതിലധികം വർഷത്തെ ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും പറഞ്ഞത്. 

‘സുരേഷ് ​ഗോപി ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. 

‘അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം.’ നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്.’

ഷാജി കൈലാസിന്റെ ന്യൂസ് സിനിമയുടെ സെറ്റിൽവച്ചാണ് സുരേഷ് ​ഗോപിയെ പരിചയപ്പെടുന്നത്. അന്നു മുതൽ അടുത്ത സുഹൃത്തുക്കളായെന്നും ജോസ് പറയുന്നു. പിന്നീട് സുന്ദര പുരുഷൻ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സുരേഷ് ​ഗോപി മുഴുനീള കോമഡി വേഷം ചെയ്യുമോ എന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നെന്നും താനതിനെ വെല്ലുവിളിയായി ഏറ്റെടുത്തെന്നും അദ്ദേഹം ഓർമിച്ചു. നിർമാതാക്കളിൽ നിന്ന് കർശനമായി പണം വാങ്ങുന്നുവെന്ന് പ്രചാരണമാണ് സുരേഷ് ​ഗോപിക്ക് സിനിമകുറയാൻ കാരണമായത്. എന്നാൽ ഈ പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് അദ്ദേഹം ഉപയോ​ഗിച്ചിരുന്നത്. എന്നാൽ ഇതൊന്നും അദ്ദേഹം കൊട്ടിപ്പാടി നടന്നിട്ടില്ലെന്നും അതാണ് വ്യക്തിത്വമെന്നും ജോസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com