'ഭാരതി എനിക്ക് ചേച്ചിയായിരുന്നു, ഇപ്പോൾ അമ്മ'; വീട്ടുജോലിക്കാരിയെക്കുറിച്ച് നടൻ മോഹിത്തിന്റെ കുറിപ്പ്

ലോക്ഡൗണിൽ ശമ്പളം മുടക്കാതെയും മകന്റെ പഠനം ഏറ്റെടുത്തുമൊക്കെ നടൻ ഭാരതിക്കൊപ്പം നിന്നു
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ടവരുടെയും ദിവസവേതനക്കാരുടെയും ദുരിതം പതിവ് വാര്‍ത്തയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ  കെട്ടകാലത്തും കൈപിടിച്ച് ഒപ്പം നിന്നവരും ഏറെയുണ്ട്. ലോക്ഡൗൺ കാലത്ത് വീട്ടുജോലിക്കാരിയെ ചേർത്തുപിടിച്ച നടൻ മോഹിത് മൽഹോത്രയുടെ കഥയും ഇത്തരത്തിൽ ഒന്നാണ്. ഭാരതി എന്ന സ്ത്രീയെ സഹോദരിയായി കണ്ട് ഒപ്പം നിർത്തുകയായിരുന്നു മോഹിത്. ലോക്ഡൗണിൽ ശമ്പളം മുടക്കാതെയും മകന്റെ പഠനം ഏറ്റെടുത്തുമൊക്കെ നടൻ ഭാരതിക്കൊപ്പം നിന്നു. ഹ്യൂമൺസ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഭാരതിയുമായുള്ള അടുപ്പം മോഹിത് പങ്കുവച്ചത്. 

കുറിപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ 12 വർഷമായി ഞാൻ മുംബൈയിലാണ് താമസിക്കുന്നത്. തിരക്കേറിയ ജീവിതവും രാത്രി ഷൂട്ടുകളും ഒക്കെയായി എല്ലാം നിയന്ത്രിക്കുക വെല്ലുവിളി ആയിരുന്നു. ഭാരതി എന്റെ വീട്ടുജോലിക്കാരി ജീവിതത്തിലേക്ക് വരുന്നത് വരെ ദിനചര്യ മുഴുവൻ താളം തെറ്റിയ അവസ്ഥയിലായിരുന്നു.  2013 മുതൽ എന്റെ അടുക്കളയും വീടും ഭാരതി ഏറ്റെടുത്തു. എനിക്കിഷ്ടമുള്ള വിഭവങ്ങൾ എന്താണെന്നറിയാൻ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പുതിയ റെസിപ്പികൾക്കായി ഗൂഗിളിൽ തിരയാൻ പഠിക്കുകയും ചെയ്തു. ഭാരതിയുടെ തായ് കറി അതിഗംഭീരമാണ്.

മാസങ്ങൾക്കുള്ളിൽ ഭാരതി കുടുംബാം​ഗത്തെ പോലെയായി.  ഞാൻ വിഷമിച്ചിരിക്കുമ്പോൾ എനിക്കായി റജ്മ ചാവൽ ഉണ്ടാക്കും. വൈകി വരുന്ന ദിവസങ്ങളിൽ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കുന്ന ശീലമുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. അതെല്ലാം ഭാരതി നിരുത്സാഹപ്പെടുത്തിയിരുന്നു. ഞാൻ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കിൽ അമ്മയെ വിളിച്ച് പരാതി പറയും. എനിക്കൊരിക്കലും കിട്ടിയിട്ടില്ലാത്ത ഒരു മൂത്ത സഹോദരിയെപ്പോലെയായി അവർ. ഭാരതിയുടെ മകനുമായും ഞാൻ അടുത്തു. അവന് ഉപരിപഠനത്തിന് പോകണമെന്ന് എന്നോടൊരിക്കൽ പറഞ്ഞു. ഭാരതിയുടെ സാമ്പത്തികസ്ഥിതി നന്നായി അറിയാവുന്നതിനാൽ ഞാൻ ചെലവുകൾ ഏറ്റെടുത്തു. ചേച്ചിയുടെ മകനെ പോലെയാണ് അവൻ എനിക്ക്. 

ലോക്ഡൗണിൽ ഞാൻ ഡൽഹിയിൽ കുടുങ്ങിപ്പോയി. ഭാരതി എന്റെ വീട്ടിലും. ഭാരതി എനിക്കുവേണ്ടി മാത്രമാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് അവർക്ക് തൊഴിലില്ലാതാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ ശമ്പളം മുടക്കിയില്ല. ഭാരതി എന്നും വിളിച്ച് എന്റെയും അമ്മയുടെയും ആരോ​ഗ്യത്തെക്കുറിച്ച് തിരക്കും. മൂന്ന് മാസത്തിന് ശേഷം ഞാൻ മുംബൈയിൽ മടങ്ങിയെത്തി. ഭാരതി എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു. 

ജോലിക്കെത്തുമ്പോൾ ബോളിവുഡ് പാട്ടുകൾ വയ്ക്കാൻ എന്നോട് ആവശ്യപ്പെടും. ഞാൻ പഞ്ചാബി പാട്ടുകൾ വയ്ക്കും. ഏഴ് മാസത്തിനുള്ളിൽ ഭാരതിയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി. ഇനി മുതൽ ലോക്ഡൗൺ മോം എന്ന് വിളിക്കുമെന്ന് ഞാൻ ഭാരതിയോട് തമാശയായി പറയാറുണ്ട്. അത് കേൾക്കുമ്പോൾ ഭാരതി ചിരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com