അത് ഒരു ദിവസത്തേക്കു വേണ്ടി ജ്വല്ലറിയിൽ നിന്നെടുത്ത സ്വർണം, സ്വന്തമായുണ്ടായിരുന്നത് കുറച്ച് മാത്രം; വിശദീകരണവുമായി വീണ നായർ (വി‍ഡിയോ)

'വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് എനിക്കുണ്ടായിരുന്നത്'
വീണ നായർ/ ഫേയ്സ്ബുക്ക് പോസ്റ്റ്
വീണ നായർ/ ഫേയ്സ്ബുക്ക് പോസ്റ്റ്

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയയെന്ന 24 കാരി മരിച്ച സംഭവം കേരളത്തിൽ വലിയ ചർച്ചയാവുകയാണ്. സ്ത്രീധനത്തിന് എതിരെയുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നടി വീണ നായരും സ്ത്രീധനത്തിന് എതിരെ രം​ഗത്തുവന്നിരുന്നു. എന്നാൽ അതിനു താഴെ സർവാഭരണ വിഭൂഷിതയായ താരത്തിന്റെ വിവാഹ ഫോട്ടോ വന്നതോടെ വലിയ ട്രോളുകൾക്ക് കാരണമായി. അതിനു പിന്നാലെ താരം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പോസ്റ്റ് പിൻവലിച്ചത് ആരെയും പേടിച്ചിട്ടല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വീണ ഇപ്പോൾ. 

മകനെക്കുറിച്ച് മോശം കമന്റ് വന്നതിനെ തുടർന്നാണ് പോസ്റ്റ് നീക്കിയത് എന്നാണ് താരം പറയുന്നത്. ഫേയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി മുൻപ് ഉണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നും ഒരു കമന്റ് കണ്ട് പേടിക്കേണ്ട കാര്യം തനിക്കില്ലെന്നും താരം പറഞ്ഞും. വിവാഹത്തിന് താൻ ധരിച്ചിരുന്ന സ്വർണം തന്റേതല്ലെന്നും താരം വ്യക്തമാക്കി. നിറയെ സ്വർണം അണിഞ്ഞുവേണം വധു വിവാഹ പന്തലിൽ എത്താൻ എന്ന തന്റെ പഴയ ധാരണയാണ് അത്തരത്തിൽ സ്വർണം അണിയാൻ കാരണമായതെന്നും വീണ വ്യക്തമാക്കി. 

പോസ്റ്റിന് താഴെ എന്റെ വിവാഹചിത്രം തപ്പി കണ്ടെത്തി ചിലർ കൊണ്ടുവന്നിട്ടും. അതിന് പിന്നാലെ കുറേ കമന്റുകൾ വന്നു. അപ്പോഴെല്ലാം എവിടെവരെ ഇതുപോകും എന്നു നോക്കിയിരിക്കുകയായിരുന്നു. അതിനിടയിൽ എന്റെ മകനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കമന്റുകൾ വന്നു. വെട്ടുമെന്നും കൊല്ലുമെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വന്നിട്ടും പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്ന ഞാൻ കുഞ്ഞിന്റെ കാര്യം വന്നതോടെയാണ് പോസ്റ്റ് ഡിലീറ്റ്  ചെയ്തത്. അല്ലാതെ ഒരാളെയോ കമന്റോ ട്രോളോ ഒന്നും കണ്ടു പേടിച്ചിട്ടല്ല. സ്വർണത്തിൽ പൊതിഞ്ഞുനിൽക്കുന്ന വീണാനായരാണല്ലോ ഇതുനൊക്കെ കാരണം. അതേക്കുറിച്ച് പറയാം. 

വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് എനിക്കുണ്ടായിരുന്നത്. ഏഴു വർഷം മുൻപായിരുന്നു എന്റെ വിവാഹം. സാധാരണ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സർവാഭരണ വിഭൂഷിതയായി കല്യാണ മണ്ഡപത്തിൽ കയറ്റണമെന്നായിരുന്നു. കോട്ടയത്തെ ചെറിയ ​ഗ്രാമത്തിൽ ജനിച്ചുവളർന്ന ഞാൻ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അതുകൊണ്ട് ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. എനിക്ക് ഒരുപാട് സ്വർണം വേണമെന്നൊന്നും അവർക്കുണ്ടായിരുന്നില്ല. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. പണം ഒരുപാടുണ്ടെങ്കിൽ കൊടുക്കട്ടേ, ഇല്ലാത്തവർ കഷ്ടപ്പെട്ട് അത് നിറവേറ്റണമെന്നില്ല. എന്റെ മകന്റെ കാര്യം വരുമ്പോൾ സ്ത്രീധനത്തെക്കുറിച്ച് ചോദിക്കില്ല.  സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട്- വീണ വ്യക്തമാക്കി. 

സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാൻ ആഹ്വാനം ചെയ്തു പങ്കുവച്ചുകൊണ്ടായിരുന്നു വീണയുടെ കുറിപ്പ്. പിന്നീട് താരം ഇത് പിൻവലിച്ചതോടെ വലിയ വിമർശനമാണ് നേരിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com