പാലുതന്നിരുന്ന മുത്തശ്ശിയുടെ മരണം വേദനയായി, കോവിഡ് രോഗികള്‍ക്കായി ആംബുലന്‍സ് ഡ്രൈവറായി നടന്‍ അര്‍ജുന്‍ ഗൗഡ

രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും രോഗത്തെ അതിജീവിക്കാന്‍ കഴിയാത്തവരെ സംസ്‌കാര ചടങ്ങുകള്‍ക്കുമായും എത്തിക്കുന്ന തിരക്കിലാണ് അര്‍ജുന്‍
അർജുൻ ​ഗൗഡ/ ഫയൽചിത്രം
അർജുൻ ​ഗൗഡ/ ഫയൽചിത്രം


ബെംഗളൂരു; കോവിഡ് വ്യാപനം രൂക്ഷമായതോടെ സിനിമാമേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകായാണ്. ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും തിയറ്ററുകളും അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍ കന്നഡ നടന്‍ അര്‍ജുന്‍ ​ഗൗഡ നല്ല തിരക്കിലാണ്. അഭിനയിക്കുന്നതിലല്ല, കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് താരമിപ്പോള്‍. കോവിഡ് രോഗികള്‍ക്കുവേണ്ടിയുള്ള ആംബുലന്‍സ് ഡ്രൈവറായിരിക്കുകയാണ് അര്‍ജന്‍. 

കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് രോഗികള്‍ക്കുവേണ്ടി താരം പ്രവര്‍ത്തിക്കുന്നു. രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും രോഗത്തെ അതിജീവിക്കാന്‍ കഴിയാത്തവരെ സംസ്‌കാര ചടങ്ങുകള്‍ക്കുമായും എത്തിക്കുന്ന തിരക്കിലാണ് അര്‍ജുന്‍. എല്ലാ ദിവസവും തന്റെ കുടുംബത്തില്‍ പാല്‍ വിതരണം ചെയ്തിരുന്ന പ്രായമായ സ്ത്രീയുടെ മരണമാണ് അര്‍ജനെ കോവിഡ് പോരാളിയാക്കി മാറ്റിയത്. 

കോവിഡ് ബാധിച്ച് അവര്‍ മരിച്ചതിനെ തുടര്‍ന്ന് അവരുടെ കൊച്ചുമകന്‍ ശവശരീരം ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചു. 12,000 രൂപയാണ് ഇതിനായി ചെലവു വന്നത്. ഇത് തന്നെ അസ്വസ്ഥനാക്കിയെന്നും അങ്ങനെ പ്രൊജക്റ്റ് സ്‌മൈല്‍ ട്രസ്റ്റിനെ സമീപിക്കുകയും ആംബുലന്‍സ് ഡ്രൈവറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.തനിക്ക് വണ്ടിയോടിക്കാന്‍ അറിയാമെങ്കിലും ആംബുലന്‍സ് ഓടിക്കുന്നത് ആദ്യമാണെന്നാണ് താരം പറയുന്നത്. 

ഇതിനോടകം നിരവധി പേരുടെ സംസ്‌കാരമാണ് അര്‍ജുന്‍ ഏറ്റെടുത്ത് നടത്തിയത്. ഒരു മൃതദേഹം ദഹിപ്പിക്കാന്‍ ഒന്നര മണിക്കൂറാണ് എടുക്കുന്നത്. ഓരോ ശ്മശാനത്തിലും ഒന്നോ രണ്ട് ഇന്‍സിനെറേറ്ററാണ് ഉണ്ടാവുക. ചിലസമയങ്ങളില്‍ ഒരു ബോഡി സംസ്‌കരിക്കാന്‍ രാവിലെ കൊണ്ടുപോയാല്‍ രാത്രി വരെ നില്‍ക്കേണ്ടതായി വരും. അതുവരെ ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ ഐസ് ബോക്‌സ് കരുതുമെന്നുമാണ് അര്‍ജുന്‍ പറയുന്നത്. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഇറങ്ങിയതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ് താരം. ഇടയ്ക്കിടയ്ക്ക് കോവിഡ് ടെസ്റ്റിന് വിധേയനാകുന്നുണ്ടെന്നും ഇതുവരെ പോസിറ്റീവായിട്ടില്ലെന്നുമാണ് പറയുന്നത്. അമ്മയോട് നുണ പറഞ്ഞാണ് അര്‍ജുന്‍ കോവിഡ് ഡ്രൈവറായി ജോലിക്ക് കയറിയത്. എന്നാല്‍ പിന്നീട് അമ്മ അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും തന്നോട് ദേഷ്യപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് മനസിലായെന്നും ഇപ്പോള്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. 

കന്നഡയിലെ മുന്‍നിര താരമാണ് അര്‍ജുന്‍. വാവ് ആണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. കൂടാതെ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ്. ഒഡെയ, റസ്റ്റം, യുവരത്‌ന എന്നിവ മറ്റു ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com