'അടിച്ചമര്‍ത്തപ്പെട്ടവര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ ക്രിമിനലുകളാക്കരുത്'; പാ. രഞ്ജിത്തിന് എതിരായ കേസുകള്‍ റദ്ദാക്കി ഹൈക്കോടതി

തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിന് എതിരായ ക്രിമിനല്‍ കേസ് നടപടികള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി
പാ.രഞ്ജിത്ത്/ഫയല്‍ 
പാ.രഞ്ജിത്ത്/ഫയല്‍ 


ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിന് എതിരായ ക്രിമിനല്‍ കേസ് നടപടികള്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചോളവംശ രാജാവ് രാജരാജ ചോളനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് എതിരെ എടുത്ത കേസുകളാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് റദ്ദാക്കിയത്. 

ചോള വംശത്തെക്കുറിച്ചുള്ള രഞ്ജിത്തിന്റെ വിമര്‍ശനം ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

'അരികുവത്കരിക്കപ്പെട്ടവരുടെ ശബ്ദം അടിച്ചമര്‍ത്താനോ, കുറ്റക്കാരാക്കാനോ ഉള്ളതല്ല. അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും അഭിസംബോധന ചെയ്യാനും പരിഹരിക്കപ്പെടാനുമുള്ളതാണ്.'-കോടതി നിരീക്ഷിച്ചു. ചോള രാജവംശത്തിന് എതിരായ പരാമര്‍ശത്തില്‍, തിരുപ്പനന്തല്‍ പൊലീസാണ് പാ.രഞ്ജിത്തിന് എതിരെ കേസൈടുത്തത്. 

ജാതിവ്യവസ്ഥയെക്കുറിച്ച് ഭരണഘടനാശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ നടത്തിയ നിരീക്ഷണവും കോടതി പരാമര്‍ശിച്ചു. ജാതി വ്യവസ്ഥയുടെ വിപത്തുകള്‍ ലഘൂകരിക്കാന്‍ ഭരണഘടന തന്നെ സാമ്പത്തിക പരിഷ്‌കാരങ്ങളും പരിഹാര നടപടി കളുംആവശ്യപ്പെടുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദത്തെ ശിക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല, അത് വിമര്‍ശനത്തിന്റെ രൂപത്തില്‍ പ്രതിധ്വനിക്കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

കാവേരീതീരത്ത് താമസിച്ചിരുന്ന ദലിതരുടെ ഭൂമി പിടിച്ചെടുത്ത രാജരാജ ചോളന്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കുകയായിരുന്നു എന്നായിരുന്നു പാ. രഞ്ജിത്തിന്റെ പരാമര്‍ശം. തഞ്ചാവൂരിലെ ഒരു പൊതുപരിപാടിക്കിടെയാണ് രഞ്ജിത്ത് ഈ പരാമര്‍ശം നടത്തിയത്. രാജരാജ ചോളനെ പലരും ന്യായീകരിക്കുന്നുണ്ട്. പക്ഷേ താന്‍ അതിന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com