മണിച്ചിത്രത്താഴും കുട്ടിച്ചാത്തനും സൂപ്പർഹിറ്റായിട്ടും നിർമാതാക്കൾ പണി നിർത്തി, കാരണമെന്താകും; വിഡിയോ

സൂപ്പര്‍ഹിറ്റുകള്‍ പോക്കറ്റിലാക്കിയ, മലയാള സിനിമയുടെ മാറ്റത്തിനൊപ്പം നടന്ന പല നിര്‍മാതാക്കളും അപ്രതീക്ഷിതമായി സിനിമാ ജീവിതത്തിന് ഫുള്‍ സ്‌റ്റോപ്പിട്ടു
മണിച്ചിത്രത്താഴും കുട്ടിച്ചാത്തനും സൂപ്പർഹിറ്റായിട്ടും നിർമാതാക്കൾ പണി നിർത്തി, കാരണമെന്താകും; വിഡിയോ

70 വര്‍ഷം മുന്‍പാണ് മലയാളത്തില്‍ ആദ്യത്തെ ബ്ലോക്ക് ബസ്റ്റര്‍ സിനിമ പിറക്കുന്നത്. 1951 ല്‍ പുറത്തിറങ്ങിയ ജീവിത നൗക. മുതല്‍മുടക്കിന്റെ അഞ്ച് മടങ്ങാണ് ഈ സൂപ്പര്‍ ഹിറ്റ് ചിത്രം വാരിക്കൂട്ടിയത്. 284 ദിവസം ജീവിത നൗക കേരളത്തിലെ തിയറ്ററുകളില്‍ നിറഞ്ഞുനിന്നു. മലയാള സിനിമയിലെ ആദ്യ ഭാഗ്യശാലിയുടെ പിറവി ഇവിടെനിന്നായിരുന്നു. അഞ്ച് ലക്ഷം മുടക്കി 30 ലക്ഷം രൂപയാണ് ഈ ഒറ്റ സിനിമയിലൂടെ കുഞ്ചാക്കോയും കെവി കോശിയും ചേര്‍ന്ന് നേടിയത്. വമ്പന്‍ നിര്‍മാണക്കമ്പനികള്‍ മലയാളത്തില്‍ പിറവിയെടുക്കുന്നത് ഇതിനുശേഷമാണ്. ലക്ഷങ്ങള്‍ എറിഞ്ഞ് കോടികള്‍ വാരാന്‍ കൂടുതല്‍പേര്‍ കളത്തിലിറങ്ങിയതോടെ മലയാള സിനിമ ശക്തിപ്പെടുകയായിരുന്നു. ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഇറങ്ങിയ ജീവിത നൗകയില്‍നിന്ന് കളറിലേക്കും സിനിമാ സ്‌കോപ്പിലേക്കും 70 എംഎമ്മിലേക്കും ത്രിഡിയിലേക്കുമെല്ലാം സിനിമ മാറി. എന്നാല്‍ സൂപ്പര്‍ഹിറ്റുകള്‍ പോക്കറ്റിലാക്കിയ, മലയാള സിനിമയുടെ മാറ്റത്തിനൊപ്പം നടന്ന പല നിര്‍മാതാക്കളും അപ്രതീക്ഷിതമായി സിനിമാ ജീവിതത്തിന് ഫുള്‍ സ്‌റ്റോപ്പിട്ടു. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ടു നിര്‍ത്തിയ ചില സൂപ്പര്‍ഹിറ്റ് ബാനറുകളെക്കുറിച്ച്. 

ഉദയ എന്ന മാസ്റ്റര്‍

ഒരിക്കലും കയ്യെത്തി പിടിക്കാനാവാത്ത മാന്ത്രിക ലോകം. സിനിമയെക്കുറിച്ച് മലയാളികളുടെ ചിന്ത ഇതായിരുന്നു. എന്നാല്‍ ആലപ്പുഴയിലെ പാതിരപ്പള്ളിയില്‍ ഒരു സ്റ്റുഡിയോ നിര്‍മിച്ച് കുഞ്ചാക്കോ ആ മായിക ലോകത്തെ മലയാളികളുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു. ഷൂട്ടിങ്ങിനായി മദ്രാസില്‍ കറങ്ങി നടന്നിരുന്ന മലയാള സിനിമ കേരളത്തിലേക്ക് എത്തുന്നത് ഉദയ സ്റ്റുഡിയോ വന്നതിനു ശേഷമാണ്. 1949 ല്‍ പുറത്തിറങ്ങിയ വെള്ളിനക്ഷത്രമായിരുന്നു ഉദയ സ്റ്റുഡിയോയില്‍ നിര്‍മിച്ച ആദ്യ ചിത്രം.  കെവി കോശിയുമായി ചേര്‍ന്ന് കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍ എന്ന ബാനറിലായിരുന്നു തുടക്കത്തില്‍ സിനിമയെടുക്കുന്നത്. ഒന്നിച്ചെടുത്ത ജീവിത നൗക സൂപ്പര്‍ ഹിറ്റായെങ്കില്‍ ഈ കൂട്ടുകെട്ടിന് അധികം ആയുസുണ്ടായില്ല. ഉദയ ബാനറില്‍ കുഞ്ചാക്കോ ആദ്യം നിര്‍മിക്കുന്നത് അച്ഛന്‍ ആണ്. എന്നാല്‍ കിടപ്പാടം എന്ന ചിത്രം വലിയ പരാജയമായതോടെ ഉദയ അടച്ചുപൂട്ടേണ്ടതായി വന്നു. പിന്നീട് മന്ത്രി ടിവി തോമസിനൊപ്പം ചേര്‍ന്നാണ് ഉദയ വീണ്ടും അരങ്ങുകീഴടക്കുന്നത്. വടക്കന്‍പാട്ടിന്റെ ചുവടുപിടിച്ചായിരുന്നു ഉദയയുടെ മുന്നേറ്റം. ഉണ്ണിയാര്‍ച്ച, പാലാട്ടുകോമന്‍, പൊന്നാപുരം കോട്ട, കണ്ണപ്പനുണ്ണി അങ്ങനെ മലയാളികളുടെ 60കളും 70കളും വടക്കന്‍ പാട്ടുകൊണ്ടു ഉദയ നിറച്ചു. നിര്‍മാണത്തിനൊപ്പം കുഞ്ചാക്കോ സംവിധാനത്തിലേക്കും ചുവടുവെച്ചു. 1976 ല്‍ കുഞ്ചാക്കോ മരിക്കുന്നതുവരെ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായി അദ്ദേഹം തുടര്‍ന്നു. 

മെറിലാന്റ്, മലയാളത്തിന്റെ പവര്‍ ഹൗസ്

മലയാള സിനിമയിലെ ഒറ്റയാനായി വിലസിയ ഉദയയ്ക്ക് 1950ലാണ് തന്നോളം പോന്ന ഒരു എതിരാളി വരുന്നത്. പി സുബ്രഹ്മണ്യം നേമത്തു നിര്‍മിച്ച മെറിലാന്‍ഡ് സ്റ്റുഡിയോയിലൂടെ. 1952 ല്‍ പുറത്തിറങ്ങിയ ആത്മസഖിയാണ് മെറിലാന്‍ഡിന്റെ ആദ്യ ചിത്രം. എന്നാല്‍ ഇത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അവകാശികളിലൂടെയാണ് ആദ്യമായി മെറിലാന്‍ഡ് സക്‌സസ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ എത്തിയതോടെ ഉദയയും മെറിലാന്‍ഡും ബദ്ധവൈരികളായി. മികച്ച സിനിമകള്‍ നിര്‍മിക്കാനുള്ള ഇവരുടെ പോരാട്ടം മലയാള സിനിമയുടെ മൂര്‍ച്ച കൂട്ടുകയായിരുന്നു. പാടാത്ത പൈങ്കിളി, കുമാര സംഭവം, ശ്രീ ഗുരുവായൂരപ്പന്‍, സ്വാമി അയ്യപ്പന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റുകള്‍ മെറിലാന്‍ഡ് മലയാളത്തിന് സമ്മാനിച്ചു. നിര്‍മിച്ച 69 സിനിമകളില്‍ 59ഉും സംവിധാനം ചെയ്തത് സുബ്രഹ്മണ്യം തന്നെയായിരുന്നു. 1979ല്‍  സുബ്രഹ്മണ്യം വിട പറഞ്ഞതോടെ മെറിലാന്‍ഡ് എന്ന പേരും ഓര്‍മയിലേക്ക് മറഞ്ഞു. രണ്ട് പതിറ്റാണ്ട് നിറഞ്ഞുനിന്ന ഈ സ്റ്റുഡിയോ മലയാളത്തിന്റെ പവര്‍ഹൗസായിരുന്നു. 

നവോദയ എന്ന പരീക്ഷണ ശാല

കുഞ്ചാക്കോയുടെ ഉദയയുടെ അണിയറയില്‍ മാത്രം കേട്ടിരുന്ന അപ്പച്ചന്‍ എന്ന പേര് ആദ്യമായി സ്‌ക്രീനില്‍ തെളിയുന്നത് 1978ലാണ്. തച്ചോളി അമ്പു എന്ന ചിത്രത്തില്‍ നിര്‍മാതാവായി.30 ലക്ഷം മുടക്കി നിര്‍മിച്ച ചിത്രം ഒരു കോടി രൂപയില്‍ അധികമാണ് വാരിയത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായതോടെ നവോദയ അപ്പച്ചന്‍ മലയാളത്തിലെ കരുത്തുറ്റ നിര്‍മാതാവായി. മോഹന്‍ലാല്‍, ഫാസില്‍, പ്രിയദര്‍ശന്‍ തുടങ്ങിയ കഴിവുറ്റ കലാകാരന്മാരെ സമ്മാനിച്ചതുള്‍പ്പടെ നിരവധി സംഭാവനകളാണ് നവോദയയില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത്. പരീക്ഷണ സിനിമകള്‍ക്ക് കൈകൊടുത്ത് ഇന്ത്യന്‍ സിനിമലോകത്തെ പോലും നവോദയ അപ്പച്ചന്‍ ഞെട്ടിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് ആദ്യമായി 70 എംഎം ചിത്രത്തേയും ത്രി ഡി സാങ്കേതിക വിദ്യയേയും കൊണ്ടുവരുന്നത് അദ്ദേഹമാണ്. കറുത്ത കണ്ണട വെച്ച് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ കാണാനായി തിയറ്ററില്‍ കയറുമ്പോള്‍ പോലും മുന്നിലെത്താന്‍ പോകുന്ന അത്ഭുതക്കാഴ്ചയെക്കുറിച്ച് ആര്‍ക്കും പിടിയുണ്ടായിരുന്നില്ല. മികച്ച വിജയമായി മാറിയ ചാണക്യന്‍ എന്ന സിനിമയോടെയാണ് നവോദയ സിനിമ വിടുന്നത്. 

തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ഗചിത്ര

1993ല്‍ മണിച്ചിത്രത്താഴ് റിലീസിലൂടെ തകര്‍ന്നടിഞ്ഞ റെക്കോഡുകള്‍ നിരവധിയാണ്.മൂന്നു കോടി വാരിയ ചിത്രം അന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ വിജയചിത്രമായി മാറി. മലയാള സിനിമയുള്ളിടത്തോളം സ്വര്‍ഗചിത്ര എന്ന ബാനറിനെ ഓര്‍മിക്കാന്‍ ഈ ഒരൊറ്റ സിനിമ മാത്രം മതിയാകും. തൊട്ടതെല്ലാം പൊന്നാക്കിയ നിര്‍മാതാക്കളാണ് സ്വര്‍ഗചിത്ര. 1986ല്‍ പുറത്തിറങ്ങിയ പൂവിനു പുതിയ പൂന്തെന്നലിലൂടെയായിരുന്നു അരങ്ങേറ്റം. റാംജി റാവു സ്പീക്കിങ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, അനിയത്തിപ്രാവ് തുടങ്ങിയ നിര്‍മിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായി. സ്വര്‍ഗചിത്ര അപ്പച്ചനും ഫാസിലും തമ്മിലുള്ള ബന്ധം എടുത്തു പറയേണ്ടതാണ്. സ്വര്‍ഗചിത്ര നിര്‍മിച്ച 11 ചിത്രങ്ങളില്‍ ആറും ഫാസിലിന്റേതായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ വേഷമായിരുന്നു അവസാന മലയാളം ചിത്രം. 

മഞ്ഞളാംകുഴി അലിയുടെ മാക്

കേരളത്തിന്റെ മന്ത്രിയും എംഎല്‍എയും ആകുന്നതിന് മുന്‍പ് മഞ്ഞളാംകുഴി അലി എന്ന പേര് മലയാളികള്‍ കേട്ടത് സിനിമയിലാണ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റായ ദി കിങ്ങിന്റെ ടൈറ്റില്‍ കാര്‍ഡില്‍. മാക് പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് മഞ്ഞളാംകുഴി അലി മലയാളത്തിന് സമ്മാനിച്ചത്. നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ അവസാന ചിത്രമായ ധ്വനിയിലൂടെ 1988 ലാണ് ആദ്യമായി സിനിമാ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. 1995 വരെ മാക് നിര്‍മാണവും വിതരണവുമൊക്കെയായി സിനിമയില്‍ സജീവമായിരുന്നു. അതിനു ശേഷമാണ് മഞ്ഞളാംകുഴി അലി രാഷ്ട്രീയത്തിലിറങ്ങുന്നത്. 

30 ലക്ഷത്തിന്റെ ബോക്‌സ് ഓഫിസ് ഹിറ്റില്‍ നിന്ന് 200 കോടിയില്‍ എത്തി നില്‍ക്കുകയാണ് മലയാള സിനിമ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. കോടികള്‍ മറിയുന്ന സിനിമയുടെ ചൂതാട്ട കളരിയിലിറങ്ങി പണം വാരിയവര്‍ മാത്രമല്ല, വീടുപോലും പണയത്തിലായവരും നിരവധിയാണ്. എന്നാല്‍ പറയാന്‍ നഷ്ടത്തിന്റെ കണക്കുകളൊന്നുമില്ലാതെ തന്നെ സിനിമ വേണ്ടെന്നുവെച്ച സൂപ്പര്‍ഹിറ്റ് ബാനറുകളുടെ കണക്ക് ഇതില്‍ മാത്രം ഒതുങ്ങില്ല. മഞ്ഞിലാസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ഗുഡ് നൈറ്റ് ഫിലിംസുമെല്ലാം ഇത്തരത്തില്‍ പാതിയില്‍ സിനിമ ഉപേക്ഷിച്ചവരാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇവയില്‍ പലതും സിനിമയില്‍ സജീവമാവുകയാണ്. ഉദയയും മെറിലാന്‍ഡുമെല്ലാം ഇതിനോടകം നിര്‍മാണ രംഗത്തേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. മലയാള സിനിമ ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ മുഖമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവയുടെ മടങ്ങിവരവ് പ്രതീക്ഷയേറ്റുകയാണ്. പഴയ തലയെടുപ്പോടെ തിരിച്ചെത്തിയ ബാന്‍ഡുകളുടെ പുതിയ കളികള്‍ക്കായി കാത്തിരിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com