ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്; കുറിപ്പുമായി സംവിധായകൻ

'ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാൻ നടന്നു തീർത്ത വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ താരമാണ് ലുക്മാൻ. കിട്ടുന്ന ചെറിയ അവസരങ്ങളിൽ പോലും മികച്ച പ്രകടം കാഴ്ചവച്ച് കയ്യടി നേടാൻ ലുക്മാനായി. അവസാനം റിലീസ് ചെയ്ത തല്ലുമാലയിലും ഇതിനു മാറ്റമുണ്ടായിരുന്നില്ല. ഇപ്പോൾ സംവിധായകൻ തരുൺമൂർത്തി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയിൽ ലുക്മാനാണ് നായകനാവുന്നത്. ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷവും അഭിമാനവുമുണ്ടെന്നാണ് തരുൺ കുറിക്കുന്നത്. ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനും താനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ. ഓപ്പറേഷൻ ജാവയിൽ വിനയ ദാസൻ ആയി കൂടെ കൂട്ടുമ്പോൾ ഒരു വലിയ യാത്രയുടെ തുടക്കമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ ചിലർ പരാതി പറഞ്ഞിരുന്നുവെന്നും തരുൺ പറഞ്ഞു.

തരുൺ മൂർത്തിയുടെ കുറിപ്പ് വായിക്കാം

ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും...ആവേശമുണ്ട്

ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാൻ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.

പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അവനേ നായകന്മാരിൽ ഒരാളാക്കാൻ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല..

അത് എന്തിനാണെന്നും അറിയില്ല... ഓപ്പറേഷൻ ജാവയിൽ വിനയ ദാസൻ ആയി കൂടെ കൂട്ടുമ്പോൾ ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്...

ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്... അതിന്റെ ഓരോ പുരോഗതിയും കാണാൻ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങൾക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണ്.

ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നിൽജയും, ധന്യയും, സജീദ് പട്ടാളവും, വിൻസിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം. അസാമാന്യ ജീവിതാനുഭവമുള്ളവരാണ്... ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്ക്രീനിൽ അവർ നിങ്ങളെ അത്ഭുതപെടുത്തുന്നത്...

ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാൻ നീനടന്നു തീർത്ത വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം,..പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്... നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com