തട്ടിപ്പ് ഞാൻ കണ്ടുപിടിച്ചു, സരിതയോട് പറഞ്ഞപ്പോൾ എന്നെ തെറ്റിദ്ധരിച്ചു, അവസാനം സംഭവിച്ചത് ഇങ്ങനെ

മുൻ ഭാര്യ സരിതയ്ക്കൊപ്പം ഒരു ജ്യോതിഷിയെ കാണാൻ പോയതിനെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്
മുകേഷ്/ വിഡിയോ സ്ക്രീൻഷോട്ട്, സരിത/ ഫയൽ ചിത്രം
മുകേഷ്/ വിഡിയോ സ്ക്രീൻഷോട്ട്, സരിത/ ഫയൽ ചിത്രം

സകരമായ കഥകളിലൂടെ ആരാധകരുടെ മനംകവരുന്ന നടനാണ് മുകേഷ്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലുമുണ്ടായിട്ടുള്ള രസകരമായ കാര്യങ്ങൾ പങ്കുവയ്ക്കാറുണ്ട്. മുൻ ഭാര്യ സരിതയ്ക്കൊപ്പം ഒരു ജ്യോതിഷിയെ കാണാൻ പോയതിനെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിലെ തട്ടിപ്പിനെക്കുറിച്ചാണ് താരം പറഞ്ഞത്. താൻ ആദ്യം തന്നെ തള്ളം കണ്ടുപിടിച്ചെങ്കിലും അത് വിശ്വസിക്കാൻ സരിത തയാറായില്ല. മറ്റൊരിക്കൽ സരിത തന്നെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു എന്നാണ് മുകേഷ് പറയുന്നത്. 

മുകേഷ് പറഞ്ഞ കഥ ഇങ്ങനെ

മൂത്ത മകൻ  ശ്രാവണിന് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോൾ ഞാനും സരിതയും കൂടി ഹൈദരാബാദിൽ ഒരു കല്യാണത്തിനുപോയി. അവിടെവച്ച് അദ്ഭുതങ്ങൾ കാണിക്കുന്ന ജ്യോത്സ്യനെക്കുറിച്ച് അവിടെയുള്ളവർ പറഞ്ഞത്. നമുക്ക് പോയി നോക്കാം എന്ന് സരിത പറഞ്ഞു. അങ്ങനെ ഞാനും സമ്മതിക്കുന്നു. എന്നാൽ അപ്പോഴാണ് പറഞ്ഞത് അയാളുടെ അപ്പോയിന്മെന്റ് കിട്ടാൻ വലിയ പാടാണെന്ന്. മന്ത്രിമാർ, സിനിമാതാരങ്ങൾ, ശാസ്ത്രജ്ഞന്മാർ  ഉൾപ്പെടെ വരുന്ന ഇടമാണ് അടുത്തൊന്നും കിട്ടാൻ നിവർത്തിയില്ല എന്നും പറഞ്ഞു.  

ഞാൻ അയാളോട് പറഞ്ഞു, ‘‘സിനിമാതാരം സരിതയും കുടുംബവുമാണ് വരുന്നത്’’ എന്ന് പറഞ്ഞ് നോക്കൂ എന്ന്. തെലുങ്കൻ അല്ലെ സരിതയെ അറിയാതിരിക്കാൻ വഴിയില്ല. കുറച്ചു കഴിഞ്ഞ് അവിടെ നിന്നുള്ള ആൾ വന്നിട്ട് പറഞ്ഞു സരിതയുടെ വലിയ ഫാൻ ആണ് ജ്യോത്സ്യൻ, മറവചരിത്ര എന്ന പടം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട്. നാളെ പുലർച്ചെ വന്നാൽ ആദ്യത്തെ ആളായി കയറ്റാമെന്ന് പറഞ്ഞു. സരിതയ്ക്ക് വലിയ സന്തോഷമായി. അവിടെ ചെന്നപ്പോൾ വലിയ ക്യൂ ഒക്കെ കാണാം. നമ്മൾ അദ്ദേഹത്തെ കാണാൻ കയറുമ്പോൾ കാണുന്നത് ജ്യോത്സൻ നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്.  

ഇരുന്ന് കഴിഞ്ഞാൽ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമുക്ക് കാണാൻ കഴിയൂ. നമ്മൾ കയറുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വെള്ള പേപ്പറിൽ  അഞ്ച് ചോദ്യങ്ങൾ എഴുതി ഒരു കവറിലാക്കി കയ്യിൽ പിടിക്കും കുറച്ചു നേരം ജ്യോത്സ്യൻ നമ്മളോട് സംസാരിച്ചിരുന്നതിനു ശേഷമാകും കവർ വാങ്ങുക. നമ്മുടെ മുന്നിൽ വച്ച് തന്നെ കവർ നമുക്കു മുന്നിലായി വയ്ക്കും. അത് തുറന്നുപോലും നോക്കില്ല. കുറച്ചു കഴിഞ്ഞ് ഒന്ന് ആലോചിച്ചിട്ട് നമ്മൾ എഴുതിയ ചോദ്യങ്ങൾ ഓരോന്നായി ചോദിക്കും. ഞാൻ ഇംഗ്ലിഷിൽ ആണ് എഴുതിയത് അത് കൃത്യമായി ചോദിച്ചു. ‘‘അച്ഛന് സുഖമില്ല, ഈ മരുന്ന് തന്നെ കൊടുത്താൽ മതിയോ?’’ ... ഞാൻ കിടുങ്ങിപ്പോയി. ഞാൻ എഴുതിയത്  തുറന്നുപോലും നോക്കാതെ അഞ്ചു കാര്യങ്ങളും പറഞ്ഞ് മറുപടി പറയുകയാണ്. അതിനു ശേഷം എന്റെ കവർ എനിക്ക് തന്നു. ഞാൻ നോക്കി ഞാൻ എഴുതിയതു തന്നെയാണ് അതിനുള്ളിൽ. 

ഞാൻ സരിതയോട് പറഞ്ഞു. ‘‘ഇതൊരു അദ്ഭുതം തന്നെയാണ്’’. പിന്നെ സരിതയുമായി അദ്ദേഹം തെലുങ്കിൽ എന്തൊക്കെയോ സംസാരിച്ചു.  സരിതയും അഞ്ച് ചോദ്യങ്ങൾ എഴുതിയിരുന്നു. സരിത അത് കൊടുക്കാനായി പോയപോഴേക്കും ശ്രാവൺ കരഞ്ഞു. ഇവർക്ക് ശല്യമാകാതിരിക്കാൻ ഞാൻ മകനെയും കൊണ്ട് എഴുന്നേറ്റു. ആ സമയത്ത് തന്നെയാണ് സരിത കവർ ജ്യോത്സ്യന് കൊടുക്കുന്നത്.  ഞാൻ എഴുന്നേക്കുമെന്ന് ജ്യോത്സ്യനും പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ഞാൻ കാണുന്നത്. അയാൾ ഈ കാർഡ് വാങ്ങി വളരെ വേ​ഗത്തിൽ അസിസ്റ്റന്റിന് കൊടുത്ത ശേഷം മറ്റൊരു കാർഡ് എടുത്താണ് നമുക്ക് മുന്നിൽവയ്ക്കു. 

നമ്മൾ കൊടുത്ത കവർ അസ്സിസ്റ്റന്റ് തുറന്ന് അവിടെ വച്ച് ഇയാൾ അത് നോക്കി കാര്യങ്ങൾ പറയുന്നു. അതു പോലെ തന്നെ തിരിച്ചു തരുന്നതും വളരെ വേ​ഗത്തിലായിരിക്കും. ഇത് കണ്ടു ഞാൻ ഞെട്ടിപ്പോയി. എന്തൊരു സ്പീഡിലാണ് ഇയാളുടെ കയ്യ് ചലിക്കുന്നത് എന്ന് ചിന്തിച്ചു. ഞാൻ പുറത്തിറങ്ങിയപ്പോൾ നൂറുകണക്കിന് ആളുകൾ പറ്റിക്കപ്പെടാൻ അവിടെ നിൽക്കുകയാണ്. ഞാൻ നോക്കുമ്പോൾ സരിത വളരെ വിശ്വാസത്തോടെ അയാളെ നമിക്കുകയാണ്.  

കാറിൽ കയറിയപ്പോൾ ഞാൻ പറഞ്ഞു, ഇത് തട്ടിപ്പാണെന്ന്. ഞാൻ പറഞ്ഞത് സരിത വിശ്വസിച്ചില്ല. അവൾ പറഞ്ഞു, നിങ്ങൾ കമ്യൂണിസ്റ്റ് ആണ്. കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് വന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്  വിശ്വാസമില്ലെങ്കിൽ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമായി. ഞാൻ പറഞ്ഞു എപ്പോഴെങ്കിലും ഒരിക്കൽ കൂടി നമുക്ക് ഇവിടെ വരണമെന്ന്.  ഞാൻ കവർ കൊടുക്കുന്ന സമയത്ത് നീ എഴുന്നേറ്റ് നോക്ക് അപ്പോൾ കാര്യം മനസ്സിലാകും.  

ഒന്നര മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും അവിടെ പോയി. ഇത്തവണ എനിക്ക് പകരം ഞാൻ കവർ കൊടുക്കുന്ന സമയത്ത് അവർക്ക് സംശയം തോന്നാതെ സരിത മകനുമായി എഴുന്നേറ്റു. ആ സമയത്ത് സരിത ഇയാൾ കവർ മാറ്റുന്നത് കണ്ടു. അവൾക്ക് തട്ടിപ്പ് മനസിലായി.  ഇവൾ പൊട്ടിത്തെറിക്കുമോ എന്ന് പേടിച്ച് ഞാൻ നോക്കിയപ്പോൾ പുറത്തിറങ്ങി നിന്ന് അവൾ ചിരിക്കുകയാണ്. കാറിൽ കയറിയപ്പോൾ സരിത എന്നോട് പറഞ്ഞു. ‘‘ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ്. എന്ത് തട്ടിപ്പാണ് ഇത്, ആളുകൾ വെയിലും മഴയും കൊണ്ട് അയാളെ വിശ്വസിച്ച് നിൽക്കുകയാണ്." 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com