ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്ന് മലയാള ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹവും തമിഴ് ചിത്രം ജയ് ഭീമും പുറത്തായി. ഇരു ചിത്രങ്ങളും 94ാമത് അക്കാദമി അവാർഡ് നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു. അതേസമയം മലയാളിയായ റിന്റു തോമസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 'റൈറ്റിംഗ് വിത്ത് ഫയർ' നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഫൈനൽ ഫൈവിൽ
'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഫൈനൽ ഫൈവ് ലിസ്റ്റിലാണ് ഇടം കണ്ടെത്തിയത്. ഈ വിഭാഗത്തിൽ ഫൈനൽ നോമിനേഷനിൽ എത്തുന്ന ആദ്യ ഇന്ത്യൻ നിർമിത ഡോക്യുമെന്ററി ആണ് ഇത്. മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററിയാണിത്. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്.
ബെസ്റ്റ് പിക്ചർ കാറ്റഗറിയിൽ നിന്ന് പുറത്ത്
ജനുവരി 21 ന് ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ട മത്സരപ്പട്ടികയിലായിരുന്നു മോഹൻലാലിന്റെയും സൂര്യയുടെയും ചിത്രങ്ങൾ ഇടംപിടിച്ചിരുന്നത്. ബെസ്റ്റ് പിക്ചർ കാറ്റഗറിയിലേക്ക് 276 ചിത്രങ്ങൾക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയിൽ ഇടം നേടിയിരുന്നത്. പത്ത് ചിത്രങ്ങളാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. സൂര്യ നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ജയ് ഭീം. നവംബർ 2 നാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക