'അത്താഴം കഴിച്ചു, പിന്നാലെ ഹൃദയാഘാതം ഉണ്ടായി'- ബപ്പി ലഹിരിയുടെ മരണത്തില്‍ മകളുടെ ഭര്‍ത്താവ്

മരണം സംഭവിച്ച രാത്രി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബപ്പി ലഹിരിയുടെ മകളുടെ ഭര്‍ത്താവ് ഗോബിന്ദ് ബന്‍സല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സംഗീത സംവിധായകന്‍ ബപ്പി ലഹിരിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. ഫെബ്രുവരി 15നാണ് അദ്ദേഹത്തിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു 69കാരനായ അദ്ദേഹത്തിന്റെ അന്ത്യം. കഴിഞ്ഞ വര്‍ഷം കോവിഡില്‍ നിന്ന് മുക്തി നേടിയ ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ബപ്പി ലഹിരിയെ അലട്ടിയിരുന്നു. 

ഇപ്പോഴിതാ മരണം സംഭവിച്ച രാത്രി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതായി വെളിപ്പെടുത്തിയിരിക്കുകയാണ് ബപ്പി ലഹിരിയുടെ മകളുടെ ഭര്‍ത്താവ് ഗോബിന്ദ് ബന്‍സല്‍. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നും പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഗോബിന്ദ് പറയുന്നു. ബപ്പി ലഹിരിയുടെ മകള്‍ രമ ലഹിരിയുടെ ഭര്‍ത്താവാണ് ഗോബിന്ദ്. 

'കോവിഡ് മുക്തനായ ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. മരണ ദിവസം രാത്രി 8.30നും ഒന്‍പതിനും ഇടയിലാണ് അദ്ദേഹം അത്താഴം കഴിച്ചത്. രാത്രി ഭക്ഷണത്തിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഹൃദയമിടിപ്പ് വളരെ താഴ്ന്ന അവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. 11.44ന് ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു'- ഗോബിന്ദ് വിശദീകരിച്ചു. 

ഉറക്കത്തിലുണ്ടാകുന്ന ശ്വാസതടസ്സവുമായി ബന്ധപ്പെട്ട ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ (obstructive sleep apnea) ആണ് ബപ്പി ലഹിരിയുടെ മരണത്തിന് പ്രധാന കാരണമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. 2021 മുതലാണ് ഈ രോഗാവസ്ഥ ബപ്പി ലഹിരിയില്‍ കണ്ടുവന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com