ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ
ലതാ മങ്കേഷ്‌കര്‍/ട്വിറ്റർ

'വേഗം സുഖപ്പെടാനായി പ്രാര്‍ഥിക്കൂ'; ലതാ മങ്കേഷ്‌കര്‍ ഐസിയുവില്‍ തന്നെ; നിരീക്ഷണത്തിലെന്ന് ഡോക്ടര്‍മാര്‍

കോവിഡിനൊപ്പം  ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. കോവിഡിനൊപ്പം അവര്‍ക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലതാമങ്കേഷ്‌കറുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ പ്രതീത് സാംധാനി പറഞ്ഞു.

''അവര്‍ ഐസിയുവില്‍ തുടരുകയാണ്, ആരോഗ്യ നില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വേഗം സുഖപ്പെടാനായി പ്രാര്‍ഥിക്കൂ'' ഡോ. സാംധാനി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ചയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തില്‍  പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് മരുമകള്‍ രചന അറിയിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ നില തൃപ്തികരമാണെന്നും രചന വാര്‍്ത്താ ഏജന്‍സിയോടു പറഞ്ഞു.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ക്ക് 92 വയസ്സുണ്ട്. വാര്‍ധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 നവംബറില്‍ ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബര്‍ 28 ന് ജനിച്ച ലതമങ്കേഷ്‌കര്‍ക്ക് ദാദാസാഹേബ് ഫാല്‍ക്കെ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001 ല്‍ രാജ്യം ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം നല്‍കി ആദരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com