'എംഎൽഎയുടെ വീട്ടിൽ കയറിയ കള്ളനെ പട്ടികടിച്ചു', ചിരിപ്പിച്ച് കുഞ്ചാക്കോ ബോബൻ, പോസ്റ്റർ വൈറൽ

പട്ടികടി കഥയും കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ലുക്കും വൈറലായി മാറുകയാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു പത്ര വാർത്തയായാണ് ചിത്രത്തിന്റെ പോസ്റ്റർ എത്തിയത്. എംഎൽഎയുടെ വീട്ടിൽ കയരിയ കള്ളനെ പട്ടി കടിച്ചതാണ് പത്രവാർത്തയിലുള്ളത്. അതിനൊപ്പം കുഞ്ചാക്കോ ബോബന്റെ രസികൻ ചിത്രം കൂടിയായതോടെ പ്രേക്ഷകരിൽ ചിരി നിറയ്ക്കുകയാണ് പോസ്റ്റർ. 

ചിത്രത്തിന്റെ കള്ളന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. 'എംഎൽഎ കുഞ്ഞിക്കണ്ണന്റെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു' എന്ന തലക്കെട്ടിലാണ്  വാർത്ത വന്നിരിക്കുന്നത്. കയ്യിൽ തോർത്തു കൊണ്ട് കെട്ടി പിടിക്കപ്പെട്ടതിന്റെ ജാള്യതയിൽ ചിരിച്ചു നിൽക്കുന്ന കുഞ്ചാക്കോയാണ് വാർ‍ത്തയ്ക്കൊപ്പമുള്ളത്. പട്ടിയുടെ കടിയേറ്റ ഭാ​ഗത്ത് മരുന്നു വച്ചു കെട്ടിയിരിക്കുന്നതും വ്യക്തമാണ്. പട്ടികടി കഥയും കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ലുക്കും വൈറലായി മാറുകയാണ്. 

ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ്‌ 12ന് തിയേറ്ററുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഇതും പത്രവാർത്തയായാണ് പുറത്തുവിട്ടിരിക്കുന്നത്. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്‌ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.  സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ്‌ ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സന്തോഷ് ടി കുരുവിളയാണ് നിർമാണം. കുഞ്ചാക്കോ ബോബൻ, ഷെറിൽ റേച്ചൽ സന്തോഷ് എന്നിവർ സഹനിർമാതാക്കളാണ്. കാസർകോട് ജില്ലയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകൻ രാകേഷ് ഹരിദാസാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കർ കലാസംവിധാനവും നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ രചിച്ച വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം ഒരുക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com