കേരളം ഇന്ത്യയ്ക്ക് തന്നെ വഴികാട്ടിയാണെന്ന് തമിഴ് നടൻ സൂര്യ. സ്ത്രീകളോട് ഏറ്റവുമധികം ബഹുമാനത്തോടെ പെരുമാറുന്നവരാണ് മലയാളികളെന്നും പലതും കേരളത്തെ കണ്ടാണ് പഠിക്കുന്നതെന്നും താരം കൊച്ചിയിൽ പറഞ്ഞു. സൂര്യയുടെ പുതിയ ചിത്രമായ എതർക്കും തുനിന്ദവന്റെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു താരം.
"പലതും കേരളത്തെ കണ്ടാണ് പഠിക്കുന്നത്. സിനിമയിലും അങ്ങിനെയാണ്. ബോളിവുഡിലെ ചില സംവിധായകർ നിർദ്ദേശിക്കുന്നത് മലയാള സിനിമകൾ കാണാനാണ്. അവ അത്ഭുതപ്പെടുത്തുകയാണ്. ജോജി മുതൽ മിന്നൽ മുരളി വരെ എല്ലാം ഒന്നിനൊന്ന് മികച്ചത്. നല്ല സിനിമയുടെ ഭാഗമാകാൻ ആഗ്രഹമുണ്ട്", സൂര്യ പറഞ്ഞു. മോഹൻലാൽ സാറിനൊപ്പം ചിലവിടാൻ കഴിഞ്ഞ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നു എന്നും ഒട്ടേറെ കാര്യങ്ങൾ താൻ അദ്ദേഹത്തിൽ നിന്നും പഠിച്ചു എന്നും സൂര്യ പറഞ്ഞു. ജയ് ഭീം കണ്ട് കേരളത്തിലെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ വിളിച്ചിരുന്നെന്നും താരം പറഞ്ഞു. "അവരുടെ വാക്കുകൾ എന്റെ കാതുകളിൽ ഇപ്പോഴുമുണ്ട്. അതെനിക്ക് മറക്കാൻ കഴിയില്ല", സൂര്യ കൂട്ടിച്ചേർത്തു.
എതർക്കും തുനിന്ദവൻ നാളെ ആണ് റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ