ഓസ്കറിന്റെ തിളക്കം; ട്രാൻസ്ജെൻഡറിനും കേൾവിശക്തിയില്ലാത്ത നടൻ ട്രോയ് കോട്സൂറിനും പുരസ്കാരം 

ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ നടനാണ് ട്രോയ്
ട്രോയ് കോട്സൂർ/ഫോട്ടോ: ട്വിറ്റർ
ട്രോയ് കോട്സൂർ/ഫോട്ടോ: ട്വിറ്റർ

തൊണ്ണൂറ്റിനാലാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ മികച്ച സഹനടനായി ട്രോയ് കോട്സൂർ തെരഞ്ഞെടുക്കപ്പെട്ടു. 'കോടയിലെ' പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ നടനാണ് ട്രോയ്. അവാർഡ് സ്വീകരിക്കാൻ ട്രോയ് വേദിയിലെത്തിയപ്പോൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് കാണികൾ താരത്തെ അഭിനന്ദിച്ചത്. 

35 വർഷം മുമ്പ് 1986ൽ ചിൽഡ്രൻ ഓഫ് എ ലെസർ ഗോഡിലെ പ്രകടനത്തിന് ബധിരയായ നടി മാർലീ മാറ്റ്‌ലിൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തന്റെ വിജയം ബധിരരും വികലാംഗരുമായ ആളുകൾക്കും കോടയിലെ സഹപ്രവർത്തകർക്കുമായി ട്രോയ് സമർപ്പിച്ചു. "ഇവിടെ ആയിരിക്കാൻ സാധിച്ചത് ഒരു വിസ്മയമാണ്, ഇത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. എന്റെ പ്രകടനത്തെ അം​ഗീകരിച്ചതിന് അക്കാദമിക്ക് നന്ദി", അവാർഡ് വാങ്ങിയശേഷം ട്രോയ് ആംഗ്യഭാഷയിൽ പറഞ്ഞു. 

ഡിസ്നി ചിത്രം 'എൻകാൻടോ' മികച്ച അനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി. അരിയാന ഡെബോസ് ആണ് മികച്ച സഹനടിക്കുള്ള അവാർഡ് നേടിയത്. സ്റ്റീഫൻ സ്പിൽബെർഗ് ഒരുക്കിയ വെസ്റ്റ് സൈഡ് സ്‌റ്റോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഓസ്കർ നേടുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് അരിയാന. അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ഡ്യൂൺ ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com