"അവന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവമാണിത്, ഒരിക്കലും ഇങ്ങനെ ചെയ്ത് കണ്ടിട്ടില്ല": വിൽ സ്മിത്തിന്റെ അമ്മ 

മകന്റെ ആദ്യ ഓസ്കറിനെക്കുറിച്ചും വിവാദ​ത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കരോളിൻ സ്മിത്ത്
വിൽ സ്മിത്തും അമ്മ കരോളിൻ സ്മിത്തും/ ചിത്രം: ഇൻസ്റ്റ​ഗ്രാം
വിൽ സ്മിത്തും അമ്മ കരോളിൻ സ്മിത്തും/ ചിത്രം: ഇൻസ്റ്റ​ഗ്രാം

94-ാമത് ഓസ്കർ വേദിയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ സംഭവമാണ്. വിൽ സ്മിത്തിന്റെ മികച്ച നടൻ അവാർഡ് അടക്കം ഈ സംഭവത്തിൽ മുങ്ങിപ്പോയി. ഭാര്യ ജേഡ് സ്മിത്തിന്റെ തലമുടിയെ പൊതുവേദിയിൽ കളിയാക്കിയതിനാണ് വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ഇപ്പോഴിതാ മകന്റെ ആദ്യ ഓസ്കറിനെക്കുറിച്ചും വിവാദ​ത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിൽ സ്മിത്തിന്റെ അമ്മ കരോളിൻ സ്മിത്ത്

"എല്ലാവരോടും വളരെ നല്ല രീതിയിൽ ഒരുപോലെ പെരുമാറുന്ന ഒരാളാണ് അവൻ. ഇതാദ്യമായാണ് അവൻ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് ഞാൻ കാണുന്നത്. അവന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണിത്... ഒരിക്കലും അവനിങ്ങനെയൊന്നും ചെയ്ത് ഞാൻ കണ്ടിട്ടില്ല", മുഖത്തടിച്ച സംഭവത്തെക്കുറിച്ച് കരോളിൻ പറഞ്ഞതിങ്ങനെ. "എനിക്കറിയാം അവൻ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന്. എന്തുമാത്രം കഠിനാധ്വാനമാണ് അവൻ ചെയ്യുന്നതെന്ന്". മകന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരന്നെന്നും അമ്മ കൂട്ടിച്ചേർത്തു. 

ഓസ്‌കർ വേദിയിൽ ഉണ്ടായ സംഭവത്തിന് മികച്ച നടനുള്ള അവാർഡ് വാങ്ങിയ ശേഷമുള്ള മറുപടി പ്രസം​ഗത്തിലും പിന്നീടും വിൽ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. 'തന്റെ പെരുമാറ്റം അംഗീകരിക്കാനും ന്യായീകരിക്കാനും കഴിയാത്തതാണ്. സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല. താനല്ലാതായ നിമിഷത്തിൽ സംഭവിച്ച് പോയതിന് ക്ഷമിക്കണം'- വിൽ സ്മിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെ. 

'കിംഗ് റിച്ചാർഡി'ലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരമാണ്  വിൽ സ്മിത്തിന് ലഭിച്ചത്.തിളക്കമാർന്ന ഈ നേട്ടത്തിന് മുൻപാണ് ചില അപ്രതീക്ഷിത സംഭവങ്ങൾ ഓസ്‌കർ വേദിയിൽ അരങ്ങേറിയത്. തമാശയായി എടുക്കേണ്ടിയിരുന്ന കാര്യത്തെ വിൽ സ്മിത്ത് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ നടനെതിരെ വിമർ‌ശനം ഉയർന്നിരുന്നു. എന്നാൽ ജേഡ് സ്മിത്തിന് അലോപേഷ്യ എന്ന രോഗം പിടിപെട്ടതിനാലാണ് മുടി കൊഴിയുന്നതെന്ന യാഥാർത്ഥ്യം പലരും വൈകിയാണ് മനസിലാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com