നടൻ ബ്രൂസ് വില്ലിസിന് അഫാസിയ രോഗം സ്ഥിരീകരിച്ചു, അഭിനയം നിർത്തുകയാണെന്ന് കുടുംബം

താരത്തിന്റെ കുടുംബം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് സിനിമ ഉപേക്ഷിച്ച്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് പിന്മാറ്റം. ആശയവിനിമയ ശേഷി ഇല്ലാതാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതോടെയാണ് ബ്രൂസ് അഭിനയരം​ഗത്ത് നിന്ന് പിന്മാറിയത്. താരത്തിന്റെ കുടുംബം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. 

കുടുംബത്തിന് ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണെന്നും കരുത്തോടെ മുന്നോട്ട് പോവാൻ ഏവരുടെയും സ്നേഹവും പിന്തുണയും വേണമെന്നും ബ്രൂസിന്റെ മകൾ റൂമർ ഇൻസ്റ്റാ​ഗ്രാമിൽ‌ പങ്കുവച്ച കുറിപ്പിൽ‌ വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട ബ്രൂസ് ചില ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണ്, അടുത്തിടെ അദ്ദേഹത്തിന് അഫാസിയ സ്ഥിരീകരിക്കുകയും ചെയ്തു. ആശയവിനിമയ ശേഷിയെ ബാധിക്കുന്ന രോഗമാണിത്. അതിന്റെ ഫലമായി ബ്രൂസിന് ഏറെ പ്രിയപ്പെട്ട കരിയറില്‍ നിന്ന് പിന്മാറുകയാണ് അദ്ദേഹം. ഞങ്ങളുടെ കുടുംബത്തിന് ഏറെ വെല്ലുവിളി നിറഞ്ഞ സമയമാണിത്. നിങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. ഞങ്ങള്‍ കുടുംബം ഒന്നിച്ച് ഇതിനെ നേരിടുകയാണ്. അദ്ദേഹത്തിന്റെ ആരാധകരേയും അതിനൊപ്പം ചേര്‍ക്കുകയാണ്. ബ്രൂസ് എപ്പോഴും പറയുന്നതുപോലെ ജീവിക്കുക, ഒന്നിച്ച് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതും അതാണ്- കുറിപ്പില്‍ പറയുന്നു. ബ്രൂസിന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

എൺ‌പതുകളിലാണ് ബ്രൂസ് തന്റെ കരിയർ ആരംഭിക്കുന്നത്. 1988ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചിത്രമായ 'ഡൈ ഹാർഡി'ലെ ജോൺ മക്ലൈൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബ്രൂസ് വില്ലിസ് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയത്. നാൽപത് വർഷം നീണ്ട അഭിനയ ജീവിതത്തിൽ ഒട്ടേറെ പുരസ്കാരങ്ങളും ബ്രൂസിനെ തേടിയെത്തിയിട്ടുണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ജേതാവാണ് ബ്രൂസ് വില്ലിസ്. രണ്ട് തവണ എമ്മി പുരസ്കാരവും ബ്രൂസ് കരസ്ഥമാക്കിയിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമേ നിര്‍മാതാവിന്റെയും ​ഗായകന്റെയും റോളുകളിലും ബ്രൂസ് തിളങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com