'അന്ന് ഞാനായിരുന്നു നായിക, പുതിയ വിക്രത്തിൽ എനിക്ക് വേഷം തരാത്തതിൽ വിഷമമുണ്ട്'; ലിസിയുടെ കുറിപ്പ്

വിക്രം എന്ന പേരിൽ 1986ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രത്തിൽ ലിസിയായിരുന്നു നായിക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി ലിസി. വിക്രം എന്ന പേരിൽ 1986ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രത്തിൽ ലിസിയായിരുന്നു നായിക. പുതിയ വിക്രത്തിൽ തനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ടെന്നാണ് താരം പറയുന്നത്. എന്നാൽ സിനിമയുടെ വോയ്സ് റെക്കോർഡിങ് ചെയ്തത് ലിസിയുടെ സ്റ്റുഡിയോയിലാണ്. കമൽ സാറും വിക്രം ടീം അംഗങ്ങളും തന്റെ സ്റ്റുഡിയോയിൽ വന്നതു ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണെന്നും ലിസി കുറിക്കുന്നു. കമൽഹാസനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് ലിസിയുടെ പോസ്റ്റ്. 

ലിസിയുടെ കുറിപ്പ് വായിക്കാം

ഇന്നും അന്നും ! വർഷങ്ങൾക്കു ശേഷം വിക്രം എന്ന പേരിൽ മറ്റൊരു ചിത്രം ഒരുക്കുകയാണ് കമൽഹാസൻ സർ. എന്നാല്‍ രണ്ടു സിനിമകളുടെയും പ്രമേയം തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ആദ്യം ഇറങ്ങിയ വിക്രം സിനിമയിലെ ഒരു ഹീറോയിൻ ഞാനായിരുന്നു. പുതിയ വിക്രത്തിൽ എനിക്കൊരു വേഷം ലഭിക്കാത്തതില്‍ സങ്കടമുണ്ട്. എന്നിരുന്നാലും ഈ സിനിമയുടെ വോയ്സ് റെക്കോർഡിങ് ചെയ്തത് ലിസി ലക്ഷ്മി സ്റ്റുഡിയോസിൽ ആണെന്നത് എന്നെ സംബന്ധിച്ചടത്തോളം അഭിമാനകരമായ കാര്യമാണ്. കമൽ സാറും വിക്രം ടീം അംഗങ്ങളും എന്റെ സ്റ്റുഡിയോയിൽ വന്നതുതന്നെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു.

ഇനി വിക്രം ആദ്യ സിനിമയെക്കുറിച്ച് പറയാം. അത് വലിയൊരു അനുഭവം തന്നെയായിരുന്നു. എന്റെ പതിനേഴാം പിറന്നാൾ ആഘോഷം ഈ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അന്ന് ആ സെറ്റിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ബോണ്ട് മൂവിയെന്ന് പറയാം. അഭിനയിക്കുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാൾ. എനിക്കൊപ്പമുള്ളത് ഗ്രീക്ക് ദേവതയെപ്പോലെ സുന്ദരിയായ ഡിംപിൾ കപാഡിയ. ഞാൻ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും വലിയ ടീം. പതിനേഴുകാരിയായ എനിക്കത് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളായിരുന്നു. പുതിയ വിക്രത്തിന് എന്റെ എല്ലാ ആശംസകളും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com