'ഇന്നത്തെ രാക്ഷസന്മാര്‍ ഇങ്ങനെയാണ്'; സെയ്ഫിന്റെ രാവണനെതിരായ വിമര്‍ശനത്തില്‍ ഓം റൗട്ട്

താടി നീട്ടി കണ്ണെഴുതി മുഗളരുടെ ലുക്കിലാണ് രാവണന്‍ എന്നായിരുന്നു വിമര്‍ശനം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിന്റെ ടീസര്‍ പുറത്തുവന്നതിനു പിന്നാലെ വാര്‍ത്തകളില്‍ നിറയുകയാണ്. ടീസറിനെതിരെ പലരീതിയിലുള്ള വിമര്‍ശനങ്ങളുണ്ടായി. അതിലൊന്ന് രാവണന്റെ വേഷത്തിലെത്തിയ സെയ്ഫ് അലി ഖാന്റെ ലുക്കിനെക്കുറിച്ചായിരുന്നു. താടി നീട്ടി കണ്ണെഴുതി മുഗളരുടെ ലുക്കിലാണ് രാവണന്‍ എന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ ഇതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഓം റൗട്ട്. 

തങ്ങളുടെ രാവണന്‍ ഇക്കാലത്തെ രാക്ഷസന്മാരുടെ ലുക്കാണ് നല്‍കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ആദിപുരുഷ് സിനിമ അല്ലെന്നും വിശ്വാസത്തിന്റെ പ്രതീകമാണെന്നും കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ രാവണ്‍ ഇക്കാലത്തെ രാക്ഷസനാണ്. അവന്‍ ക്രൂരനാണ്. ഞങ്ങളുടെ ദേവി സീതയെ പിടിച്ചുകൊണ്ടുപോയത് ക്രൂരതയാണ്. ഇന്നത്തെ കാലത്തെ രാവണന്‍ എങ്ങനെയാണോ അതാണ് ഞങ്ങള്‍ കാണിക്കുന്നത്. ഇത് സിനിമയോ പ്രൊജക്ടോ അല്ല ഞങ്ങള്‍ക്ക്. ഇതൊരു മിഷന്‍ ആണ്. ഞങ്ങളുടെ സിനിമ വിശ്വാസത്തിന്റെ പ്രതീകമാണ്. എല്ലാവരുടേയും അനുഗ്രഹം ആവശ്യമാണ്. ചിത്രത്തെക്കുറിച്ച് പറയുന്നതെല്ലാം കേള്‍ക്കുകയും അത് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 2023ല്‍ സിനിമ കാണുമ്പോള്‍, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല.- ഓം റൗട്ട് പറഞ്ഞു. 

രാമായണം സീരിയലില്‍ സീതയായി ശ്രദ്ധനേടിയ ദിപികാ ചിഖലിയ ഉള്‍പ്പടെ നിരവധി പേര്‍ രാവണന്റെ ലുക്കിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമ നന്നാകണമെങ്കില്‍ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കണം. ശ്രീലങ്കയില്‍ നിന്നുള്ള കഥാപാത്രമാണെങ്കില്‍ ഒരിക്കലും മുഗളന്‍മാരെപ്പോലെയാകരുത്. എന്നാല്‍ ഇതില്‍ മുഗളരുടെ ഛായയാണ് തോന്നുന്നത്- എന്നാണ് ദിപിക പറഞ്ഞത്. താടി നീട്ടി വളര്‍ത്തി കണ്ണില്‍ മഷി വരച്ച ലുക്കിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. ചിത്രത്തിന്റെ വിഎഫ്എക്‌സിനൊപ്പം തന്നെ സെയ്ഫിന്റെ കഥാപാത്രവും വിമര്‍ശനത്തിന് ഇരയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com