'ബച്ചന്‍ എന്തും ചെയ്യും; ഒരാളുമില്ല മുകളില്‍', ബിഗ് ബി സംവിധായകരുടെ കണ്ണില്‍

കാലം ചെല്ലുംതോറും വീഞ്ഞിന് വീര്യം കൂടുന്നതുപോലെ, അഭ്രപാളിയിലെ ബച്ചന്‍ രൂപങ്ങള്‍ക്ക് തിളക്കം കൂടുകയാണ്
അമിതാഭ് ബച്ചന്‍/പിടിഐ
അമിതാഭ് ബച്ചന്‍/പിടിഐ

ന്ത്യന്‍ സിനിമയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന് എണ്‍പത് വയസ്സ് തികഞ്ഞിരിക്കുന്നു. കാലം ചെല്ലുംതോറും വീഞ്ഞിന് വീര്യം കൂടുന്നതുപോലെ, അഭ്രപാളിയിലെ ബച്ചന്‍ രൂപങ്ങള്‍ക്ക് തിളക്കം കൂടുകയാണ്. 

അമിതാഭ് ബച്ചന്‍ എന്ന അതുല്യ നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു 1975ല്‍ പുറത്തിറങ്ങിയ ഷോലെ. പതിറ്റാണ്ടുകള്‍ പിന്നിട്ട് ബ്രഹ്മാസ്ത്രയില്‍ എത്തി നില്‍ക്കുമ്പോഴും ബിഗ് ബി ബോളിവുഡ് സിനിമയിലെ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത പേരാണ്. 

ബോളിവുഡില്‍ ബിഗ് ബിക്കും മുകളില്‍ മറ്റൊരാള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പി ബച്ചന്റെ ജന്‍മദിനത്തില്‍ ചോദിക്കുന്നത്. 'കോമഡി, ഡ്രാമ, റൊമാന്‍സ്, ഡാന്‍സ് എന്തുമാകട്ടെ, ബച്ചന്‍ അതെല്ലാം ചെയ്യും. അതെല്ലാം പൂര്‍ണമായിരിക്കും. അദ്ദേഹത്തിനും മുകളില്‍ വേറൊള്‍ക്ക് അതെല്ലാം ചെയ്യാന്‍ സാധിക്കുമോ?എനിക്ക് സംശയമാണ്' എന്നാണ് രമേഷിന്റെ ചോദ്യം. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നാണ് ബ്രഹ്മാസ്ത്രയ സംവിധാനം ചെയ്ത അയാന്‍ മുഖര്‍ജി ബച്ചനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. 

കാലത്തിന് അനുസരിച്ച് സ്വയം നവീകരിക്കുന്ന നടനാണ് ബച്ചനെന്ന് സംവിധായകര്‍ ഒന്നടങ്കം പറയും. ബോളിവുഡില്‍ അങ്ങനെയുള്ളവര്‍ ചുരുക്കമാണ്. സഞ്ജീറിലെ ക്ഷുഭിത യൗവ്വനം, ചിരിച്ചു മറിയുന്ന ചുപ്‌കെ ചുപ്‌കെയിലെ പ്രൊഫസര്‍, എഴുപതുകളില്‍ തന്നെ വൈവിധ്യങ്ങള്‍ക്ക് പിന്നാലെ കുതിച്ച അഭിനയ ശരീരമാണ് അമിതാഭ്. 

എണ്‍പതുകളിലേക്ക് കടക്കുമ്പോള്‍ ശക്തിയും സില്‍സിലയും ഒക്കെയായി പ്രേക്ഷകരെ ബച്ചന്‍ കൂടുതല്‍ അടുപ്പിച്ചു. തൊണ്ണൂറുകളില്‍ നേരിട്ട വന്‍ പരാജയങ്ങള്‍ ബിഗ് ബിയെ തളര്‍ത്തി എന്നത് യാത്ഥാര്‍ത്ഥ്യമാണ്. പിന്നീട് കോന് ബനേഗ ക്രോര്‍പതിയിലൂടെ 2000ലെ തിരിച്ചുവരവ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷവും കോടിപതി തുടരുന്നു. ബച്ചന്റെ സ്ഥാനത്ത് അവിടെ വേറൊരാളെ കാണുക പ്രയാസമാണ്. 

രണ്ടായിരത്തിന്റെ തുടക്കത്തില്‍ തന്നെ പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ബച്ചന്‍ മനസ്സ് കാണിച്ചിരുന്നു. മൊഹബതൈനിലൂടെയായിരുന്നു അതിന്റെ തുടക്കം. അമാനുഷിക നായക സങ്കല്‍പ്പങ്ങളില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ബച്ചന്‍ പ്രവേശിച്ചു.മാസ്മരിക പ്രകടനങ്ങള്‍ വരാനിരിക്കുന്നതെയുണ്ടായിരുന്നുള്ളു. പിങ്കിലെ അസാധ്യ പ്രകടനം കണ്ട്  പ്രേക്ഷകര്‍ മതിമറന്നു. തന്നില്‍ 'പരീക്ഷണങ്ങള്‍' നടത്താന്‍ പുതുതലമുറ സംവിധായകര്‍ക്ക് ബച്ചന്‍ അവസരങ്ങള്‍ നല്‍കി. 

'അദ്ദേഹത്തിന്റെ ആരാധകരായാണ് ഞങ്ങള്‍ എല്ലാവരും സിനിമയിലെത്തിയത്. പക്ഷേ മറ്റുള്ളവരെക്കാള്‍ ഞാന്‍ ഭാഗ്യം ചെയ്തവനാണ്.'- 'ചീനി കൂമി'ലും 'പാ'യിലും ബച്ചനില്‍ 'പരീക്ഷണങ്ങള്‍' നടത്തിയ ബില്‍കി പറയുന്നു. 

തന്റെ ജന്‍മസ്ഥലമായ കൊല്‍ക്കത്തയില്‍ അമിതാഭ് ബച്ചന്റെ ക്ഷേത്രം വരെയുണ്ടെന്ന് പറയുന്നു ബച്ചനൊപ്പം പ്രവര്‍ത്തിച്ച പുതിയ തലമുറ സംവിധായകനായ ഋഭു ദാസ്ഗുപ്ത. പക്ഷേ ബച്ചനൊപ്പം ചേര്‍ന്ന രണ്ട് ചിത്രങ്ങളിലും തന്നിലെ 'ഫാന്‍ ബോയിയെ' പുറത്തിരുത്തേണ്ടി വന്നെന്നും ഓര്‍ക്കുന്നു ദാസ്ഗുപ്ത. 

നായകന്‍മാരും, നായികമാരും എത്ര മാറിവന്നാലും, തത്ക്കാലം ഇന്ത്യന്‍ സിനിമയില്‍ ഒരേയൊരു ബ്രാന്‍ഡ് അംബാസിഡനറെയുള്ളു, അതിന്റെ പേര് അമിതാഭ് ബച്ചന്‍ എന്നാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com