'സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത പേരാണ് വിനയൻ, തൊഴിലാളികളുടെ കൺകണ്ട ദൈവം'; കുറിപ്പുമായി മാലാ പാർവതി

പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ  വിനയൻ  എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയും
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ചുകൊണ്ട് നടി മാല പാർവതി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സംവിധായകൻ വിനയനെ പ്രശംസിച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. എല്ലാ പ്രശ്നങ്ങൾക്കും വിനയനാണ് കാരണമെന്ന് ആളുകൾ ഒളിഞ്ഞും തെളിഞ്ഞും പറയുമ്പോഴും സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് അദ്ദേഹം എന്നാണ് മാലാ പാർവതി കുറിക്കുന്നത്. മാറ്റി നിർത്തപ്പെടുന്നവൻ്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധൻ്റെ കഥ വിനയൻ എന്ത് കൊണ്ട് സിനിമയാക്കിയെന്ന് തനിക്ക് ചിത്രം കണ്ടപ്പോൾ മനസിലായെന്നുമാണ് മാലാ പാർവതി പറയുന്നത്. 

മാലാ പാർവതിയുടെ കുറിപ്പ്

' പത്തൊമ്പതാം നൂറ്റാണ്ട് "  കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് .ചിത്രത്തിൻ്റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആർട്ട് ( അജയ് ചാലിശേരി  ) കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണൻ ) മേക്കപ്പ് (പട്ടണം റഷീദ് )ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിൻ്റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിൻ്റെ കഥ.
ആറാട്ടുപുഴ വേലായുധൻ്റെയും, നങ്ങേലിയുടെയും കഥ.
ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വിൽസൺ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി.കയാദു ലോഹർ നങ്ങേലിയായും തിളങ്ങി സുദേവ് നായർ,  അലൻസിയർ, സുനിൽ സുഖത, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ  തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവൻ്റെ റോളുകൾ കെങ്കേമമാക്കി.
എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ  വിനയൻ  എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും.. സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്.
ഒരു വ്യക്തി ഒരു വിഷയം  തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ  ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി.
മാറ്റി നിർത്തപ്പെടുന്നവൻ്റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധൻ്റെ കഥ ഡയറക്ടർ വിനയൻ എന്ത് കൊണ്ട് സിനിമയാക്കി എന്ന്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും, എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും, അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റി നിർത്തും. ഒഴിവാക്കും, വിലക്കേർപ്പെടുത്തും.
സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി.
അത് പോലെ തന്നെ,തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി.. തമസ്ക്കരിക്കപ്പെടാതെ കാത്തു.
മണികണ്ഠൻ ആചാരിയെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിൻ്റെ ഭാഗമാക്കുന്നതിൻ്റെ രാഷ്ട്രീയവും വേറെ അല്ല.
പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിർമ്മാതാവ്  ​ഗോകുലം ​ഗോപാലനും അഭിനന്ദനങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com