"നിശബ്ദരല്ല, നിങ്ങൾ രണ്ടുപേരും ധൈര്യശാലികളാണ്"; യുവനടിമാർക്ക് പിന്തുണയുമായി അൻസിബ 

വളരെ പെട്ടെന്ന് ഇതിനോട് പ്രതികരിച്ച ഇരുവരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്ന് അൻസിബ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന സിനിമാപ്രമോഷനിടെ ലൈംഗിക അതിക്രമം നേരിട്ട യുവനടിമാർക്ക് പിന്തുണയുമായി നടി അൻസിബ ഹസൻ. വളരെ പെട്ടെന്ന് ഇതിനോട് പ്രതികരിച്ച ഇരുവരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നാണ് അൻസിബയുടെ വാക്കുകൾ. 

‘‘നിങ്ങൾ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തിൽ പ്രതികരിച്ചു, തീർച്ചയായും ഇത് എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെൺകുട്ടികളോട് സ്നേഹവും കരുതലും മാത്രം’’, അൻസിബ ഫേയ്സ്ബുക്കിൽ കുറിച്ചു. പ്രിയ വാരിയർ, അജു വർഗീസ് തുടങ്ങി നിരവധിപ്പേർ ഇതിനോടകം നടിമാർക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നതെന്നും ലജ്ജ തോന്നുവെന്നും അജു സമൂഹമാധ്യമത്തില്‍ കുറിച്ചു.

നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു താരങ്ങൾ ഹൈലൈറ്റ് മാളിൽ എത്തിയത്. തുടർന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടി തന്നെ പങ്കുവയ്ക്കുകയായിരുന്നു. പ്രമോഷൻ കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്ന സമയത്ത് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് ഒരാൾ നടിയെ കയറിപ്പിടിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോൾ പ്രതികരിക്കാൻ സാധിച്ചില്ലെന്നും മരവിച്ചു നിൽക്കുകയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു. പിന്നാലെ വന്ന മറ്റൊരു നടിക്കും സമാനമായ അനുഭവമുണ്ടായി. ഈ നടി ഇതിനെതിരെ പ്രതികരിക്കുകയും അക്രമി എന്ന് കരുതുന്നയാൾക്കുനേരെ തല്ലാനൊരുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com