ആർആർആർ കാണാൻ കയറിയ ആരാധകൻ തിയറ്ററിൽ മരിച്ച നിലയിൽ; അന്വേഷണം
By സമകാലിക മലയാളം ഡെസ്ക് | Published: 25th March 2022 06:01 PM |
Last Updated: 25th March 2022 06:01 PM | A+A A- |

ആർആർആർ പോസ്റ്റർ
എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന്റെ പ്രദർശനത്തിനിടെ ആരാധകൻ മരിച്ച നിലയിൽ. ആന്ധ്ര പ്രദേശ് അനന്തപുരിലുള്ള എസ്‍വി മാക്സില്‍ സിനിമ പ്രദർശനത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. 30 കാരനായ ഒബുലേസു ആണ് മരിച്ചത്. ഇയാളെ തിയറ്ററിനുള്ളിൽ ബോധരഹിതനായ നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.
റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തിയ ചിത്രം നീണ്ട നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിൽ എത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.കേരളത്തില്‍ മാത്രം 500ലധികം സ്‍ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ലോകമെമ്പാടും 10,000 സ്‍ക്രീനുകളിലും 'ആര്‍ആര്‍ആര്‍' റിലീസ് ചെയ്തു. അതിനിടെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം വ്യപകമായി പ്രചരിച്ചിരിച്ചു കൊണ്ടിരിക്കുന്നത്.
ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). 650 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.