രാം ചരണിനെ ഓർത്ത് അഭിമാനിക്കുന്നു, കരിയറിലെ ഏറ്റവും മികച്ച പ്രകടനം; പ്രശംസിച്ച് അല്ലു അർജുൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 01:08 PM  |  

Last Updated: 27th March 2022 01:08 PM  |   A+A-   |  

allu_arjun_praises_rrr

ചിത്രം: ഫേയ്സ്ബുക്ക്

 

രാജമൗലിയുടെ പുതിയ ചിതം ആർആർആർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രാം ചരണും ജൂനിയർ എൻടിആറുമാണ് പ്രധാന വേഷത്തിൽ എത്തിയത്. കൂട്ടത്തിൽ രാം ചരണിന്റെ പ്രകടനത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോൾ ആർആർആറിനേയും രാം ചരണിനേയും പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ അല്ലു അർജുൻ. രാം ചരണിന്റെ കരിയർ ബെസ്റ്റ് പെർഫോർമൻസാണ് ചിത്രത്തിലേത് എന്നായിരുന്നു അല്ലു അർജുന്റെ വിലയിരുത്തൽ.

'ആര്‍ആര്‍ആറിന്റെ മുഴുവന്‍ ടീമിനും ആശംസകള്‍. എന്തൊരു ഗംഭീര സിനിമയാണ്. നമ്മുടെ അഭിമാനമായ എസ് എസ് രാജമൗലിയുടെ ഈ വിഷന് എന്റെ ബഹുമാനം. എന്റെ സഹോദരന്‍ മോഗാ പവര്‍ റാം ചരണിന്റെ മികച്ചതും കരിയര്‍ ബെസ്റ്റുമായ പ്രകടനത്തില്‍ ഏറെ അഭിമാനിക്കുന്നു. എന്റെ ബാവയ്ക്ക് എന്റെ സ്‌നേഹവും ബഹുമാനവും. ജൂനിയര്‍ എന്‍ടിആര്‍ എത്ര ഗംഭീരമായിരുന്നു. അജയ്  ദേവഗണിന്റേയും ആലിയ ഭട്ടിന്റേയും സാന്നിധ്യവും മികച്ചതായിരുന്നു. എംഎം കീരവാണിക്കും സെന്തില്‍കുമാറിനും ധന്യയ്ക്കും മറ്റുള്ള എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായതില്‍ എല്ലാവര്‍ക്കും നന്ദി. - അല്ലു അര്‍ജുന്‍ കുറിച്ചു.

മികച്ച പ്രതികരണമാണ് ആര്‍ആര്‍ആറിന് ലഭിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് കൂടാതെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലാണ് പുറത്ത് വന്നിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ആദ്യ ദിവസം തന്നെ 250 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ