‘വരാഹ രൂപം’ ‘നവരസ‘യുടെ കോപ്പിയടി, നിയമനടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്; ‘ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി‘

തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നാണ് ആരോപണം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

റിഷഭ് ഷെട്ടിയുടെ കാന്താര എന്ന ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണ് വരാഹ രൂപം എന്നാണ് ആരോപണം. പ്രമുഖരടക്കം പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പാട്ട് കോപ്പി അടിച്ചതാണെന്ന വാദവുമായി തൈക്കുടം ബ്രിഡ്ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബാൻഡ് പ്രതികരണം അറിയിച്ചിരിക്കുന്നത്.   

‌പകർപ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ‘‘വരാഹ രൂപം’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ ആറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്', എന്ന് നേരത്തെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു. ‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ‘, എന്നാണ് വിഷയത്തിൽ സം​ഗീതസംവിധായകൻ ബിജിപാൽ പ്രതികരിച്ചത്‌. 

അജനീഷ് ലോകേഷ് ആണ് ‘വരാഹ രൂപം’ത്തിൻറെ സംഗീത സംവിധായകൻ. ഒരു ട്യൂണും കോപ്പി അടിച്ചിട്ടില്ലെന്നും കമ്പോസിഷൻ പൂർണമായും വ്യത്യസ്തമാണെന്നും ആയിരുന്നു അജനീഷിൻറെ പ്രതികരണം. ഗാനം കോപ്പിയടി ആണെന്ന് പറഞ്ഞാൽ സമ്മതിച്ച് തരില്ലെന്നും അജനീഷ് വ്യക്തമാക്കിയിരുന്നു. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച കാന്താര പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ എത്തിച്ചത്. ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബർ 30 ന് ആയിരുന്നു. പിന്നാലെയാണ് തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com