'പട്ടി ചാടും, അയ്യോ എന്നു പറഞ്ഞ് ബേസില്‍ ഓടും'; 'പാല്‍തു ജാന്‍വര്‍' വിശേഷങ്ങളുമായി സംവിധായകനും തിരക്കഥാകൃത്തും

കളിയാക്കലുകളില്‍ നിന്ന് മൃഗാശുപത്രിയെ മോചിപ്പിച്ചുകൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പാല്‍തൂ ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനും തിരക്കഥാകൃത്ത് അനീഷ് അഞ്ജലിയും
നടൻ ബേസിൽ സംവിധായകൻ സം​ഗീതിനും തിരക്കഥാകൃത്തുക്കളായ അനീഷിനും വിനോയ് തോമസിനുമൊപ്പം/ ഫേയ്സ്ബുക്ക്
നടൻ ബേസിൽ സംവിധായകൻ സം​ഗീതിനും തിരക്കഥാകൃത്തുക്കളായ അനീഷിനും വിനോയ് തോമസിനുമൊപ്പം/ ഫേയ്സ്ബുക്ക്

'നിന്റെ അച്ഛന്‍ പശുവിന്റെ പുറകില്‍ കയ്യിട്ടല്ലേ ജോലി ചെയ്യുന്നത് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ അച്ഛന്‍ മോശമായ ജോലിയാണ് ചെയ്യുന്നതെന്ന് അന്നെനിക്ക് തോന്നിയിരുന്നു. ഇതെന്റെ പ്രതികാരമാണ്. വേണമെങ്കില്‍ അനീഷിന്റെ പ്രതികാരം എന്നു പറയാം.'- പ്രസൂണ്‍ എന്ന ലൈവ്‌സ്റ്റോക്‌
ഇന്‍സ്‌പെക്ടറുടെ ജീവിതത്തിലൂടെ അനീഷ് അഞ്ജലി എന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ പറഞ്ഞത് തന്റെ അച്ഛന്റെ കഥയാണ്. 

'പാല്‍തു ജാന്‍വര്‍' ഇറങ്ങുന്നതുവരെ സിനിമയിലും അങ്ങനെയൊക്കെത്തന്നെയായിരുന്നു, കാര്യങ്ങള്‍. പരിഹാസപാത്രമായി മാത്രമാണ് മൃഗാശുപത്രികള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ കളിയാക്കലുകളില്‍ നിന്ന് മൃഗാശുപത്രിയെ മോചിപ്പിച്ചുകൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീത് പി രാജനും തിരക്കഥാകൃത്ത് അനീഷ് അഞ്ജലിയും. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന പാല്‍തു ജാന്‍വറിന്റെ വിശേഷങ്ങള്‍ സമകാലിക മലയാളവുമായി പങ്കുവയ്ക്കുകയാണ് ഇരുവരും. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈവ്‌സ്റ്റോക്‌ ഇന്‍സ്‌പെക്ടറായി കോഴിക്കോട്ടെ മലയോര മേഖലയായ കൂരാച്ചുണ്ടില്‍ ജോലി ചെയ്യുമ്പോഴാണ് അനീഷിന്റെ അച്ഛന്‍ ചന്ദ്രന്‍ നായര്‍ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. രസകരമായി അച്ഛന്‍ പങ്കുവച്ച ആ അനുഭവം അനീഷിന്റെ മനസിലേക്ക് ഓടിക്കയറുന്നത് ഒരു സിനിമാചര്‍ച്ചയ്ക്ക് ഇടയിലാണ്. 

'സംഗീതുമായി ഫോണില്‍ സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ട് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് വീടിന്റെ തൊട്ടടുത്തായി കെട്ടിയിരുന്ന പശു കയര്‍ തടഞ്ഞു വീണു. ഞാന്‍ ഓടിച്ചെന്നപ്പോള്‍ കാലിട്ടടിക്കുന്ന പശുവിനെയാണ് കാണുന്നത്. എനിക്കൊന്നും ചെയ്യേണ്ടിവന്നില്ല. അപ്പോഴേക്കും അത് എഴുന്നേറ്റുവന്നു. എന്നാല്‍ പശുവിന്റെ ആ കിടപ്പുകണ്ടപ്പോള്‍ പണ്ട് അച്ഛന്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ അനുഭവം ഓര്‍മവന്നു. ഇത് അപ്പോള്‍ തന്നെ സംഗീതിനോട് പറഞ്ഞു. ആ മൊമന്റില്‍ നല്ല സിനിമയുണ്ട് എന്നാണ് സംഗീത് പറഞ്ഞു. അന്നത്തെ സംഗീതിന്റെ യെസ് ആണ് പാല്‍തു ജാന്‍വറിന്റെ ആദ്യ രൂപം.'- അനീഷ് അഞ്ജലി പറഞ്ഞു. 

സിനിമയിലേക്ക് എത്തിയിട്ട് പത്തു വര്‍ഷത്തോളം ആയെങ്കിലും ഒരു നല്ല തുടക്കത്തിനായുള്ള കാത്തിരിപ്പിലായിരുന്നു സംഗീത്. കണ്ണൂരിലെ ഇരിട്ടി എന്ന മലയോര ഗ്രാമത്തില്‍ നിന്നു വരുന്ന സംഗീതിന് അനീഷിന്റെ അച്ഛന്റെ ഓര്‍മയെ വളരെ എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ സാധിച്ചു. ക്രിസ്ത്യന്‍ മലയോര മേഖലയുടെ കഥ പറയാന്‍ അവിടെനിന്നുള്ള ഒരാളുടെ സഹായം നല്ലതായിരിക്കും എന്ന ചിന്തയില്‍ നിന്നാണ് തിരക്കഥാകൃത്ത് വിനോയ് തോമസ് ടീമിലേക്ക് വരുന്നത്. ഇവരുടെ ഒന്നിച്ചുള്ള ടീം വര്‍ക്കായാണ് ജീവസ്സുറ്റ കഥാപാത്രങ്ങളുള്ള പാല്‍തൂ ജാന്‍വര്‍ പിറക്കുന്നത്. ഒന്നര മാസം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കുന്നത്. ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യം പുഷ്‌കരനും ചേര്‍ന്നുള്ള ഭാവന സ്റ്റുഡിയോ ചിത്രം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ ഭംഗിയായി. 

മൃഗങ്ങളെ ചെറിയ ഭയമുള്ള സംഗീതിന് ഈ സിനിമയെടുക്കാനുള്ള ധൈര്യം വരുന്നത് മുന്‍പ് പ്രവര്‍ത്തിച്ച വാലാട്ടി എന്ന സിനിമ നല്‍കിയ അത്മവിശ്വാസത്തില്‍ നിന്നാണ്. സിനിമയുടെ തുടക്കം മുതല്‍ ബേസിലിനെ തന്നെയാണ് ഇവര്‍ നായകനാക്കി കണ്ടിരുന്നത്. എന്നാല്‍ ബേസിലിന്‌ മൃഗങ്ങളെ ഇത്രയ്ക്കു പേടിയായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് സംഗീത് പറയുന്നത്. 'കഥാപാത്രവും അങ്ങനെയായതുകൊണ്ട് വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. പൊലീസ് ഡോഗ് എന്നു പറഞ്ഞ് ബെല്‍ജിയം മാഗ്നോസ് എന്ന ഇനത്തിലുള്ള പട്ടിയെ ചിത്രത്തില്‍ കൊണ്ടുവന്നിരുന്നു. ഭയങ്കര അഗ്രസീവാണ്. ഒരു കടി കടിച്ചാല്‍ വിടില്ല. പക്ഷേ കയ്യൊക്കെ കാണിച്ചാല്‍ അത് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ തലയാട്ടുമല്ലോ? ഇതൊക്കെ ബേസിലിന് പ്രശ്‌നമായിരുന്നു. ഇത് ശരിയാവില്ല എനിക്ക് പറ്റില്ല എന്നൊക്കെ പറയും. കണ്ട ടേക്കെല്ലാം എട്ടാമത്തേയും പത്താമത്തേയുമൊക്കെയാണ്. അഭിനയിക്കാന്‍ അറിയാത്തതുകൊണ്ടല്ല. അവന്റെ പേടികൊണ്ട് സംഭവിച്ചതാണ്. കൈ അടുത്തേക്ക് വരുമ്പോഴേക്കും പട്ടി ചാടും, അയ്യോ എന്നു പറഞ്ഞ് ഇവന്‍ ഓടും.'- സംഗീത് പറഞ്ഞു. 

സംഗീതിന്റേയും വിനോയ് തോമസിന്റേയും നാടായ ഇരിട്ടിയിലായിരുന്നു
ഷൂട്ടിങ്. കോവിഡ് കാലമായതിനാല്‍ നാട്ടുകാരുടെ പിന്തുണ ആവശ്യമായതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത്.  'ചിന്തിച്ചതുപോലെ നാട്ടില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ചിത്രത്തില്‍ അഭിനയിച്ച മൃഗങ്ങളെല്ലാം നാട്ടില്‍ നിന്നുള്ളവയായിരുന്നു. ഓരോ വീട്ടിലും കേറി ഇറങ്ങിയാണ് കാസ്റ്റിങ് നടത്തിയത് .'- സംഗീത് പറയുന്നു.

'മൃഗങ്ങള്‍ക്കെല്ലാം മൂഡ് വന്നാലെ അഭിനയിക്കൂ. ഇതിനായി സംവിധായകനും നായകനും അടക്കം കാത്തിരിക്കണം. കരോളി എന്ന ആടുണ്ട് ചിത്രത്തില്‍. ഭയങ്കര  അഗ്രസീവായ ആടായിരുന്നു. ഉടമയ്ക്കുപോലും അതിനെ നിയന്ത്രിക്കാനാവില്ല. ഞങ്ങള്‍ എഴുതിപ്പോയതുകൊണ്ട് അതിനെത്തന്നെ കൊണ്ടുവരാതെ നിവര്‍ത്തിയില്ല. ഒരു ചേച്ചി ഈ ആടിനേയും കൊണ്ടുവരുന്ന രംഗമുണ്ട്. ഷൂട്ട് ചെയ്യാന്‍ വലിയ പാടായി. അവന്റെ കൂടെ നമ്മള്‍ ഓടണം. ആ ചേച്ചിയേയും കൊണ്ട് അവന്‍ ഓടിയിട്ട് കൈ ഫ്രാക്ചർ ആയി. 

പശു ഒരു സമാധാന ജീവിയായിരുന്നു. പശുവിന്റെ മൂഡ് ശരിയാവാന്‍ വേണ്ടി സംവിധായകനും ഹീറോയും ജോണിച്ചേട്ടനുമെല്ലാം വെയ്റ്റ് ചെയ്തിരിക്കും. പശുവിന് മൂഡ് പോയാല്‍ അതു കിടക്കും. കുറച്ചു വെള്ളം കുടിച്ച് മൂത്രമൊഴിച്ച് ചാണകമിട്ട് കഴിയുമ്പോള്‍ അതെല്ലാം ക്ലീന്‍ ചെയ്തിട്ടുവേണം വീണ്ടും തുടങ്ങാന്‍. റിസ്‌ക് ഉള്ള കാര്യങ്ങളൊക്കെ വിഎഫ്എക്‌സും അനിമട്രോണിക്‌സുമൊക്കെയാണ് ഉപയോഗിച്ചത്. മൃഗങ്ങളെ അധികം
ബുദ്ധിമുട്ടിക്കാതെയാണ് ഷൂട്ട് ചെയ്തത്. പരിശീലനം കിട്ടിയ പശുവിനെ കിട്ടില്ലല്ലോ? എല്ലാവരും പേടിച്ചത് പന്നിയായിരിക്കും പ്രശ്‌നം എന്നാണ്. പക്ഷേ പന്നിയായിരുന്നു അടിപൊളി. വന്ന് വന്‍ പ്രൊഫഷണലായി അഭിനയിച്ചിട്ടുപോയി.'- അനീഷ് കൂട്ടിച്ചേര്‍ത്തു. 

വ്യക്തിപരമായ അനീഷിന് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ചിത്രം. ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങള്‍ക്കുള്ള മറുപടിയായാണ് അനീഷ് സിനിമയെ കാണുന്നത്. കൂടാതെ തമാശയായി മാത്രം സ്‌ക്രീനില്‍ എത്തിയിരുന്ന ഒരു വിഭാഗത്തെ വളരെ റിയലിസ്റ്റിക്കായി കാണിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും. ചിത്രം കണ്ട് അനീഷിനോട് അച്ഛന്‍ പറഞ്ഞത് കൂരാച്ചുണ്ട് പോയതുപോലെയുണ്ട് എന്നാണ്. 

'ബേസിലിന്റെ പ്രായത്തില്‍ ജോലിക്ക് കയറിയ സമയത്ത് അച്ഛന്റെ ജീവിതത്തിലുണ്ടായ അനുഭവമാണ് അത്. സിനിമയ്ക്കുവേണ്ടി പല പ്രായത്തിലുള്ള വെറ്റിനറി ഡോക്ടര്‍മാരെ കാണാന്‍ പോയ സമയത്ത് ഇതിലും രസകരമായി അനുഭവം പറഞ്ഞു തന്നവരുണ്ട്. സിനിമയില്‍ കാര്യമായി കാണാത്ത ഒന്നാണ് മൃഗാശുപത്രി. ഇതിനു മുന്‍പ് സിനിമയില്‍ വന്നപ്പോഴെല്ലാം മൃഗാശുപത്രിയെ വളരെ മോശമായി കാണിക്കുന്നതായാണ് വന്നിട്ടുള്ളത്. ഡോക്ടര്‍ പശുപതി, വധു ഡോക്ടറാണ് എന്നീ സിനിമകള്‍ അത്തരത്തിലുള്ളതാണ്. വധു ഡോക്ടറാണ് എന്ന സിനിമ ഇന്ന് ഇറങ്ങുകയാണെങ്കില്‍ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകും. മോശം ജോലിയായാണ് അതിനെ കണ്ടിരുന്നത്. വ്യക്തിപരമായി ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. ഡോക്ടര്‍ പശുപതിയുടെ മകന്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കും. അന്ന് നമുക്കത് ഭയങ്കര വേദനയാണ്. നിന്റെ അച്ഛന്‍ പശുവിന്റെ പുറകില്‍ കയ്യിട്ടല്ലേ ജോലി ചെയ്യുന്നത് എന്ന് കൂട്ടുകാര്‍ പറയുമ്പോള്‍ അച്ഛന്‍ മോശമായ ജോലിയാണ് ചെയ്യുന്നതെന്ന് അന്നെനിക്ക് തോന്നിയിരുന്നു. ഒരു പഞ്ചായത്തില്‍ ഒരു മൃഗാശുപത്രിയുണ്ട്. പക്ഷേ ഇവരെ സത്യസന്ധമായി ആരും അവതരിപ്പിച്ചിട്ടില്ല. കുട്ടിക്കാലത്ത് നേരിട്ട അധിക്ഷേപങ്ങള്‍ക്കുള്ള പ്രതികാരമാണെന്ന് പറയാം. വേണമെങ്കില്‍ അനീഷിന്റെ പ്രതികാരം- എന്നു പറയാം.'

കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ അനീഷ് സിനിമയിലേക്ക് എത്തുന്നത്‌ സ്‌കൂളിലെ നാടക പ്രവര്‍ത്തനത്തിലൂടെയാണ്. മിഥുന്‍ മാനുവല്‍ തോമസിനോട് ഒരു കഥപറയാന്‍ പോയപ്പോഴാണ് അസിസ്റ്റന്‍ഡ് ഡയറക്ടറായിരുന്ന സംഗീതിനെ പരിചയപ്പെടുന്നത്. പൂര്‍ണമായും താന്‍ അധ്യാപകനാണെന്നും സിനിമ സൈഡ് മാത്രമാണെന്നുമാണ് അനീഷ് പറയുന്നത്. എന്നാല്‍ അനീഷ് മാഷെ അങ്ങനെ വിടാന്‍ സംഗീത് ഉദ്ദേശിച്ചിട്ടില്ല. ഇനിയും ഒന്നിച്ചു സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടു ആഴ്ച തെറികേള്‍ക്കാത്ത സിനിമ റിലീസ് ചെയ്യണം എന്നായിരുന്നു സംഗീതിന്റെ ആഗ്രഹം. ഇത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ്. ഇനി 'പാല്‍തു ജാന്‍വര്‍' എന്നു കേള്‍ക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍ ഹിന്ദി പാഠപുസ്തകത്തില്‍ പഠിച്ച 'ഗായ് ഏക് പാല്‍തു ജാന്‍വര്‍ ഹേ' എന്നു മാത്രമായിരിക്കില്ല മലയാളികളുടെ മനസില്‍ തെളിയുക. സംഗീതിന്റേയും അനീഷിന്റേയും ഈ പാല്‍തു ജാന്‍വറിനെ കൂടിയാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com