"ശ്രീനിവാസൻ പറഞ്ഞിട്ട് വന്നതാണ്, നിങ്ങളുടെ സിനിമയിൽ ഞാൻ അഭിനയിക്കണോ ?" സത്യൻ അന്തിക്കാടിനെ ചൊടിപ്പിച്ച എൻട്രി

'നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ഒരാളല്ലാത്തതു കൊണ്ടല്ലേ മാമുവിനെ പറഞ്ഞു വിട്ടത്'- ശ്രീനിവാസൻ ദേഷ്യപ്പെട്ടു
മാമുക്കോയ, സത്യന്‍ അന്തിക്കാട്
മാമുക്കോയ, സത്യന്‍ അന്തിക്കാട്

മാമുക്കോയ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ആദ്യമായി അഭിനയിക്കാൻ വന്നതിന്റെ രസകരമായ കഥ പങ്കുവെച്ച് കുറിപ്പ്. സനുജ് സുശീലൻ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പാണ് സംവിധായകൻ അരുൺ ​ഗോപി സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തത്.  ഒരു ദിവസം ഷൂട്ടിങ് സ്ഥലത്ത് സത്യൻ അന്തിക്കാടിനെ കാണാൻ ഒരാളെത്തി. മെലിഞ്ഞുണങ്ങി, പല്ലുന്തി, വിയർത്തു കുളിച്ചു ഒട്ടും ആകർഷണീയതയില്ലാത്ത ഒരാൾ. 

ഒട്ടൊരു ധാർഷ്ട്യത്തോടെ " ഞാൻ ശ്രീനിവാസൻ പറഞ്ഞിട്ട് വന്നതാണ്, നിങ്ങളുടെ സിനിമയിൽ ഞാൻ അഭിനയിക്കണോ ? " എന്നാണ് അയാൾ ആദ്യം തന്നെ സത്യൻ അന്തിക്കാടിനോട് ചോദിച്ചത്. ആ ചോദ്യത്തിലെ അഹങ്കാരം സംവിധായകനെ ചൊടിപ്പിച്ചു. ഈ ചിത്രത്തിൽ റോളില്ല എന്ന് പറഞ്ഞു സത്യൻ അന്തിക്കാട് പുതുമുഖത്തെ മടക്കി.

മാമു പോയി അഞ്ചു മിനിറ്റു കഴിയുന്നതിനു മുമ്പ് ശ്രീനിവാസൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ സൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത ഒരാളല്ലാത്തതു കൊണ്ടല്ലേ മാമുവിനെ പറഞ്ഞു വിട്ടത് എന്ന് പറഞ്ഞു ശ്രീനിവാസൻ ദേഷ്യപ്പെട്ടു. വെളുത്തു ചുവന്ന മുഖങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനെ എന്നും എതിർത്തിരുന്ന ഒരു വിപ്ലവകാരിയായിരുന്നു ശ്രീനിവാസൻ. എന്തായാലും കുറെ വാദ പ്രതിവാദങ്ങൾക്കു ശേഷം മാമുവിനെ ഒന്ന് പരീക്ഷിക്കാൻ സത്യൻ തീരുമാനിച്ചു. 

ആദ്യ ഷോട്ടിന് മാമു തയ്യാറായി. ഇയാൾ ഇത് കുളമാക്കും, കുറെ ഫിലിം ഇന്ന് തിന്നും എന്നൊക്കെ പ്രതീക്ഷിച്ചു മൊത്തം യൂണിറ്റും കാത്തിരുന്നു. പക്ഷെ അവരെയൊക്കെ അമ്പരപ്പിച്ചുകൊണ്ട് ഒരു പുതുമുഖത്തിന്റെ ഒരു വിറയലുമില്ലാതെ ആ പുതുമുഖം പുല്ലു പോലെ ആ സീൻ അഭിനയിച്ചു.  അതും അന്ന് തിളങ്ങി നിന്നിരുന്ന ഒരു താരത്തിന്റെയും അഭിനയരീതികളുടെ ഒരു ലാഞ്ചന പോലുമില്ലാതെ. ഒടുവിൽ ആ കഥാപാത്രത്തെ സത്യൻ അന്തിക്കാട് കുറച്ചു കൂടി വലുതാക്കി, മാമുക്കോയ ഭംഗിയായി അതവതരിപ്പിക്കുകയും ചെയ്തു.

കോഴിക്കോട്ടെ മഹാന്മാരായ കലാകാരന്മാരുടെ ഒപ്പമായിരുന്നു മാമുക്കോയയുടെ യൗവ്വനം. കല്ലായിലെ ഒരു തടിയളവുകാരനായിരുന്ന തോണ്ടിയാട് മാമു എന്ന സാധാരണക്കാരൻ മാമുക്കോയ എന്ന താരമായത് തറയിലൂടെ നടന്നു വന്നാണ്. വൈക്കം മുഹമ്മദ് ബഷീർ , ജോൺ എബ്രഹാം , വാസു പ്രദീപ് തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ബഷീറിന്റെ പക്കൽ നിന്ന് പണം കടം വാങ്ങാൻ പോയിരുന്നതിനെ പറ്റി അദ്ദേഹം ഒരിടത്തു പറഞ്ഞിട്ടുണ്ട്.

മാമുക്കോയ അഭിനയിച്ച കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ അറബി മുൻഷിയാണ്. പിന്നെ പെരുമഴക്കാലത്തിലെ അബ്ദുവും . കോഴിക്കോടിന്റെ നാടകവേദികളിൽ ചുവടു വച്ച് തുടങ്ങിയ യാത്ര അദ്ദേഹം ഇന്നവസാനിപ്പിച്ചു. മഹാനായ കലാകാരന് വിട. അരുൺ ​ഗോപി ഫെയ്സ്ബുക്ക് കുറിപ്പിൽ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com