'സവർക്കറിനൊപ്പം ഭഗത് സിം​ഗ് വേണമെന്ന് നായകൻ, ഞാൻ ഞെട്ടിപ്പോയി'; പിൻമാറാനുള്ള കാരണം വ്യക്തമാക്കി മഹേഷ് മഞ്ജരേക്കർ

ചരിത്രത്തിൽ ഇല്ലാത്തതൊക്കെ സിനിമയിൽ ചേർക്കണമെന്ന് നായകൻ ആവശ്യപ്പെട്ടതോടെ സിനിമയിൽ നിന്നും പിൻമാറിയതായി സംവിധായകൻ മഹേഷ് മഞ്ജരേക്കർ
മഹേഷ് മഞ്ജരേക്കർ, സവർക്കർ പോസ്റ്റർ/ ഇൻസ്റ്റ​ഗ്രാം
മഹേഷ് മഞ്ജരേക്കർ, സവർക്കർ പോസ്റ്റർ/ ഇൻസ്റ്റ​ഗ്രാം

വിഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'സ്വതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിൽ നിന്നും പിൻമാറിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധാനം മഹേഷ് മഞ്ജരേക്കർ. ചരിത്രത്തിൽ ഇല്ലാത്ത പലകാര്യങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്താൻ നടൻ രൺദീപ് ഹൂഡ നിർബന്ധിച്ചതിന് പിന്നാലെയാണ് ചിത്രത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചതെന്ന് ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ് മഞ്ജരേക്കർ തുറന്നു പറഞ്ഞു. ചിത്രം രൺദീപ് ഹൂഡ തന്നെയാണ് സംവിധാനം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. 

2021ലാണ് മഹേഷ് മഞ്ജരേക്കർ സംവിധായകനായി 'സ്വതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രം പ്രഖ്യാപിക്കുന്നത്. ടൈറ്റിൽ റോളിൽ രൺദീപ് ഹൂഡയേയും നിശ്ചയിച്ചു. എന്നാൽ 2022 സെപ്റ്റംബർ മുതൽ മഹേഷ് മ‍ഞ്ജരേക്കർ ചിത്രത്തിന്റെ ഭാഗമല്ല. 

'ആദ്യം വളരെ ആത്മാർഥമായാണ് രൺദീപ് ചിത്രത്തെ സമീപിച്ചത്. ഇതിനായി അദ്ദേഹം സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള പുസ്തകങ്ങൾ വായിച്ചു. അതു വളരെ നന്നായി തോന്നി. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റിൽ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റം വരുത്തി വീണ്ടും ഡ്രാഫ്റ്റ് കാണിച്ചപ്പോഴും അദ്ദേഹം പ്രശ്നം പറഞ്ഞു. തിരക്കഥ ശരിയായാൽ വേറൊന്നും താൻ അന്വേഷിക്കില്ലെന്നും രൺദീപ് ഉറപ്പുനൽകിയിരുന്നു. പക്ഷേ അദ്ദേഹം പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നെന്നും മഹേഷ് മഞ്ജരേക്കർ വ്യക്തമാക്കി.

'മഹാരാഷ്ട്രയിലെ ആമ്പി വാലിയിൽ വെച്ച് നടന്ന ചർച്ചയിൽ തിരക്കഥ ശരിയായി. അതിൽ വലിയ സന്തോഷം തോന്നി. എന്നാൽ രൺദീപിന്റെ ഭാഗത്തു നിന്നുള്ള പ്രശ്നങ്ങൾ തുടർന്നു. തിരക്കഥയിൽ ഹിറ്റ്ലർ, ഇം​ഗ്ലണ്ടിലെ രാജാവ്, പ്രധാനമന്ത്രി, ബാല​ഗം​ഗാധര തിലകന്റെ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് തുടങ്ങിയ ഭാ​ഗങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്തണമെന്ന് താരം നിർബന്ധം പിടിച്ചു. ഇതൊക്കെ സവർക്കറുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാൻ അതിശയിച്ചു. പക്ഷേ രൺദീപ് വഴങ്ങാൻ കൂട്ടാക്കിയില്ല. അയാൾ ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്നു. ആ വായന ഒരു ബാധ്യതയായി.'

തിരക്കഥയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ‌ ചിത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച കാര്യങ്ങൾ വരെ രൺദീപ് പറഞ്ഞ് തന്നോട് തർക്കിച്ചെന്നും മഹേഷ് പറഞ്ഞു. 'ആവശ്യത്തിലേറെ ഭാരം കുറയ്ക്കാൻ ആരാണ് അയാളോട് പറഞ്ഞത്. നാളെ ഒരു മൃതശരീരമായി കിടക്കേണ്ട അവസ്ഥവന്നാൽ ശരിക്കും മരിക്കുമോ. എന്ത് വിഡ്ഢിത്തമാണിതെന്നും സംവിധായകൻ ചോദിച്ചു.

'സവർക്കറിനൊപ്പം ഭഗത് സിങ്ങിന്റെ ഒരു രംഗം ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത് എവിടെയാണ് സംഭവിച്ചത്? 1857ലെ ആൻഡമാൻ ജയിലിൽ നടന്ന കലാപത്തിലെ തടവുകാരെയും ഉൾപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങൾ അത് എങ്ങനെ കാണിക്കും എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം നിർബന്ധിക്കുകയാണ് ചെയ്തത്. അതൊക്കെ സാധിക്കുമെന്നും സവർക്കർ അതേ ജയിലിൽ തടവിലാക്കപ്പെട്ടപ്പോൾ അവർക്ക് 90 വയസ്സ് കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് താരം മറുപടിയായി പറഞ്ഞത്. രൺദീപിന്റെ ആത്മാർത്ഥതയ്ക്ക് ഞാൻ 100ൽ 100 മാർക്കും നൽകും. പക്ഷേ, അദ്ദേഹത്തിന്റെ അഭിനിവേശം എന്റെ സിനിമയെ കൊല്ലുകയാണ് ചെയ്തത്.' മഹേഷ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ കഥയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് രൺദീപ് ഹൂഡയും ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിങ്ങും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ പൂർണ ഉടമസ്ഥത അവകാശപ്പെട്ട് രൺദീപ് ഹൂഡ പ്രൊഡക്ഷൻസ് പത്രക്കുറിപ്പ് ഇറക്കി. സാമ്പത്തികവും മാനസികവുമായ വെല്ലുവിളികൾ നേരിട്ടുകൊണ്ട് എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും താൻ ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും പൂർത്തിയാക്കുകയും ചെയ്തതായി രൺദീപിന് വേണ്ടി എം/എസ് ഹലായ് ആൻഡ് കോ അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സിലെ കരൺ ഹലായ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com