'പാട്ടുകളെല്ലാം നശിപ്പിച്ചു, ഇഷ്ടപ്പെട്ടത് ടൊവിനോയെ മാത്രം': നീലവെളിച്ചം റീമേക്കിനെക്കുറിച്ച് മധു

'ടൊവിനോ ഒരിക്കലും എന്നെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. വേറെ ഒരു സ്‌റ്റൈലിലാണ് ചെയ്തത്'
മധു/ വിൻസെന്റ് പുളിക്കൽ
മധു/ വിൻസെന്റ് പുളിക്കൽ

നീലവെളിച്ചം റീമേക്കില്‍ ഭാര്‍ഗവീ നിലയത്തിലെ ഗാനങ്ങളെയെല്ലാം നശിപ്പിച്ചു കളഞ്ഞെന്ന് നടന്‍ മധു. തന്റെ കഥാപാത്രമായി എത്തിയ ടൊവിനോ നന്നായി ചെയ്തു. എന്നാല്‍ പ്രേം നസീറിന്റേയും ടിജെ ആന്റണിയുടേയും വിജയ നിര്‍മലയുടേയും കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ടൊവിനോ ഒരിക്കലും എന്നെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. വേറെ ഒരു സ്‌റ്റൈലിലാണ് ചെയ്തത്. വളരെ മനോഹരമായാണ് ടൊവിനോ ചെയ്തിരിക്കുന്നത്. നസീറിന്റേയും പിജെ ആന്റണിയുടേയും കഥാപാത്രങ്ങള്‍ക്ക് പകരമാവാന്‍ മറ്റാര്‍ക്കും  പറ്റില്ല. പാട്ടുപാടുകയും പ്രേമിക്കുകയും ചെയ്യുന്ന കാമുകന്റെ കഥാപാത്രമാണ് നസീറിന്റേത്. വേറെ ഒരു ജോലിയും അയാള്‍ക്കില്ല. നസീറിന്റെ മുകളിലുള്ള ഒരാളെ പിടിച്ച് ആക്കിയാല്‍ മാത്രമേ അത് ഏല്‍ക്കൂ. സിനിമയില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് ഏറ്റില്ല. പിജെ ആന്റണിയുടെ കഥാപാത്രവും അങ്ങനെയായിരുന്നു. റിമ നന്നായി അഭിനയിച്ചിട്ടുണ്ട്, പക്ഷേ പഴയ ചിത്രത്തിലെ നായികയ്ക്കുണ്ടായിരുന്ന ഒരു ചൈതന്യം ഇല്ലാതെ പോയി. - മധു പറഞ്ഞു. 

സിനിമയിലേക്ക് നായികയെ കണ്ടെത്തിയ കഥയും അദ്ദേഹം പങ്കുവച്ചു. മലയാളത്തിലേയും തമിഴിലേയും പല നായികയുടെ പേര് ആലോചിച്ചിട്ടും ആരെയും വിന്‍സെന്റ് മാഷിന് ഇഷ്ടപ്പെട്ടില്ല. വളരെ അപ്രതീക്ഷിതമായാണ് നായികയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

പഴയ സിനിമയിലെ നായികയുടെ ചൈതന്യം സത്യമായിരുന്നു. പല നായികമാരേയും ആലോചിച്ചിട്ടും വിന്‍സെന്റ് മാഷിന് തൃപ്തി വന്നില്ല. പറ്റിയ കണ്ണുകളുള്ള നടിയെ ആണ് അദ്ദേഹം തേടിയത്. ഒരു ദിവസം സ്റ്റുഡിയോയില്‍ ചോറ്റു പാത്രവുമായി ഒരു പെണ്ണ് പോകുന്നത് കണ്ടു. പെട്ടെന്ന് താന്‍ ആലോചിക്കുന്നതുപോലെയുള്ള കണ്ണ് കണ്ടതായി അദ്ദേഹത്തിന് തോന്നി. സ്റ്റുഡിയോയിലെ തിയറ്ററിലെ ഓപ്പറേറ്ററുടെ മകളായിരുന്നു അത്. അയാള്‍ക്ക് ചോറും കൊണ്ട് വന്നത്. വിവാഹം കഴിച്ച് ഒരു കുട്ടിയുമുണ്ടായിരുന്നു. അവര്‍ സിനിമയിലൊന്നും അഭിനയിച്ചിരുന്നില്ല. വിന്‍സെന്റ് സാര്‍ പോയി അവരോട് സംസാരിച്ച് സമ്മതിപ്പിച്ചാണ് സിനിമയില്‍ അഭിനയിപ്പിച്ചത്. സിനിമയുടെ വലിയ വിജയം ആ നടിയായിരുന്നു. പിന്നീട് അവര്‍ തെലുങ്കില്‍ അഭിനയിച്ചു, ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത സ്ത്രീയായി. അവരില്‍ എന്തോ ഉണ്ടായിരുന്നു. ആ ലെവറിലില്‍ അഭിനയിച്ച് കണ്ടവര്‍ക്ക് ആ കഥാപാത്രമായി ആര് അഭിനയിച്ചാലും ഇഷ്ടപ്പെടില്ല. അതുപോലെ തന്നെയായിരുന്നു നസീറിന്റെ കാര്യവും. അഭിനേതാക്കളെ കുറ്റം പറയേണ്ട കാര്യമില്ല. മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിച്ചാല്‍ പോലും പ്രേം നസീറിന്റേയും ആന്റണിയുടേയും പോലെയാകില്ല.- മധു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com